Advertisement

‘പുല്‍വാമയില്‍ രാജ്യം വിലപിച്ചപ്പോള്‍ മോദി സിനിമ ഷൂട്ടിങ്ങില്‍’; വിമര്‍ശനവുമായി കോണ്‍ഗ്രസ്

February 21, 2019
Google News 0 minutes Read

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വേണ്ട പ്രാധാന്യം നല്‍കിയില്ലെന്ന് കോണ്‍ഗ്രസ്. രാജ്യം മുഴുവന്‍ സൈനികരുടെ വിയോഗത്തില്‍ വിലപിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ സിനിമ ഷൂട്ടിങിന്റെ തിരക്കിലായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

ലോകത്തെ ഏതെങ്കിലും പ്രധാനമന്ത്രി ഇത്തരത്തില്‍ ചെയ്യുമോ എന്നും അതേക്കുറിച്ച് പറയാന്‍ തനിക്ക് വാക്ക് കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുല്‍വാമയിലെ ഭീകരാക്രമണം ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ ഏകതയെ തകര്‍ക്കുന്നതായിരുന്നു പുല്‍വമയിലെ ഭീകരാക്രമണം. ഈ ഒരു സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ മുഴുവന്‍ പിന്തുണയും സാന്യത്തിന് നല്‍കുകയാണ്. ആക്രമണത്തില്‍ ശക്തമായ നടപടി വേണം. പാക്കിസ്ഥാനെതിരെ കോണ്‍ഗ്രസ് സര്‍ക്കാരും ബിജെപി സര്‍ക്കാരും സ്വീകരിച്ച നടപടികളെയും സുര്‍ജേവാല താരതമ്യം ചെയ്തു. പാക്കിസ്ഥാനെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു.

1971 ല്‍ കോണ്‍ഗ്രസ് പാക്കിസ്ഥാനെതിരെ തിരിച്ചടിച്ചു. 91,000 ഓളം പാക്കിസ്ഥാന്‍ പട്ടാളക്കാരെ പിടികൂടാന്‍ ഇന്ദിരാഗാന്ധിക്ക് അന്ന കഴിഞ്ഞു. പാക്കിസ്ഥാനെതിരെ ശക്തമായ നടപടി സ്വീകരിച്ച ചരിത്രമാണ് ഇന്ദിരാഗാന്ധിക്ക് ഉള്ളതെന്നും രണ്‍ദീപ് പറഞ്ഞു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം ഗവണ്‍മെന്റിനെ പിന്തുണക്കാനാണ് നരേന്ദ്രമോദി ശ്രമിച്ചത്. പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടപ്പോള്‍ മോദിജി അദ്ദേഹത്തിന്റെ ജോലി മറന്നു. സ്വന്തം ഗവണ്‍മെന്റിനെ സംരക്ഷിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും രണ്‍ദീപ് സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ 14 നാണ് പുല്‍വാമയില്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്നത്. ഔദ്യോഗിക കണക്കുപ്രകാരം 40 സൈനികരാണ് മരിച്ചത്. രണ്ടായിരത്തിലധികം സൈനികരുമായി ശ്രീനഗറിലേക്ക് പോകുകയായിരുന്ന വാഹനത്തിലേക്ക് ചാവേര്‍ വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 22 കാരനായ ആദില്‍ അഹമ്മദ് ദറായിരുന്നു ചാവേറായത്. സംഭവത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ ശക്തമായ വികാരമാണ് ഉയര്‍ന്നിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here