വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി രണ്ടര മാസത്തിലധികമായി മക്കയിലെ ആശുപത്രിയില്‍

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി രണ്ടര മാസത്തിലധികമായി മക്കയിലെ ആശുപത്രിയില്‍ കഴിയുന്നു. ആശുപത്രി ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ ഡിസ്ചാര്‍ജ്ജ് വൈകുകയാണ്. തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പോകണമെങ്കില്‍ സ്പോണ്‍സറും, ഇന്ത്യന്‍ കോണ്‍സുലേറ്റും സജീവമായി ഇടപെടണം എന്നാണ് ബന്ധുക്കളുടെ ആവശ്യം.
കഴിഞ്ഞ നവംബര്‍ ഇരുപത്തിയെട്ടിനാണ് ഉണ്ണികൃഷ്ണന്‍ വാഹനാപകടത്തില്‍ പെടുന്നത്. ജോലിയുടെ ഭാഗമായി ജിദ്ദയില്‍ നിന്നും തായിഫില്‍ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. രാത്രി പതിനൊന്നരയ്ക്ക് ജിദ്ദ-തായിഫ് റോഡില്‍ വെച്ച് കാര്‍ ഒരു ഒട്ടകവുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഉണ്ണികൃഷ്ണനെ പോലീസ് മക്കയിലെ അല്‍ നൂര്‍ ആശുപത്രിയില്‍ എത്തിച്ചു. കൃത്യമായി ചികിത്സ ലഭിച്ചത്കൊണ്ട് തന്നെ ആരോഗ്യനില മെച്ചപ്പെട്ടു. തുടര്‍ ചികിത്സക്കായി ജിദ്ദയിലേക്കോ നാട്ടിലെ ഏതെങ്കിലും ആശുപത്രിയിലേക്കോ മാറ്റണം. പക്ഷെ അല്നൂരര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ലഭിക്കണമെങ്കില്‍ ഇതുവരെയുള്ള ആശുപത്രി ചിലവ് അടയ്ക്കണം. ഇത് ഏകദേശം ഒരു ലക്ഷത്തിലേറെ റിയാല്‍ വരും. ബില്ലടക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനി തയ്യാറായിട്ടില്ല. ജനുവരി മുപ്പത്തിയൊന്നിന് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാലാവധി തീര്‍ന്നത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ സ്പോണ്‍സറുടെ ഇടപെടല്‍ അനിവാര്യമാണ്.
കോണ്‍സുലേറ്റ് പ്രതിനിധിയായി നാസര്‍ കിന്‍സാലറും മുജീബ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരുമാണ് ഇപ്പോള്‍ ഇദ്ദേഹത്തെ സന്ദര്‍ശിക്കാറുള്ളത്. കോണ്‍സുലേറ്റും സ്പോണ്‍സറും സജീവമായി ഇടപെട്ട് ആശുപത്രി ബില്‍ അടച്ചു എത്രയും പെട്ടെന്ന് ഉണ്ണികൃഷ്ണനെ ഡിസ് ചാര്‍ജ്ജ് ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. പാലക്കാട് മുട്ടിക്കുളങ്ങര സ്വദേശിയായ ഉണ്ണികൃഷ്ണന്‍ ഇരുപത്തിയഞ്ചു വര്‍ഷത്തോളമായി സൗദിയില്‍ ജോലി ചെയ്ത് വരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here