കപ്പൽ പാറയിലിടിച്ച് തകർന്നു; 14 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്

കപ്പൽ പാറയിലിടിച്ച് തകർന്നു. ഖദീജ 7 എന്ന കപ്പലാണ് പാം ദെയ്രയിൽവെച്ച് അപകടത്തിൽപ്പെട്ടത്. കപ്പൽ തകർന്നിനെ തുടർന്ന് കടലിൽ തുടുങ്ങിയ 14 ഇന്ത്യയ്ക്കാർക്ക് രക്ഷകരായി എത്തിയത് ദുബായ് പോലീസാണ്.
എഞ്ചിൻ തകരാറാണ് അപകടത്തിന് പിന്നിൽ. സാങ്കേതിക തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ എഞ്ചിൻ പ്രവർത്തനരഹിതമായി. ഇതിനിടയിൽ പാറയിൽ ഇടിച്ചതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. ഇതോടെയാണ് ഇവർ ദുബായ് പൊലീസിന്റെ സഹായം തേടിയത്. രാവിലെ 6.14നാണ് സഹായം തേടിയുള്ള അടിയന്തര സന്ദേശം ലഭിച്ചതെന്ന് ദുബായ് പൊലീസ് അറിയിച്ചു. ഉടൻ തന്നെ കപ്പൽ കണ്ടെത്തുന്നതിനായി ഹെലികോപ്റ്ററും രക്ഷാബോട്ടുകളും സ്ഥലത്തേക്ക് അയച്ചു.
ശക്തമായ കാറ്റും തിരമാലകളും കാരണം കപ്പലിന് അടുത്തേക്ക് എത്തിച്ചേരാൻ രക്ഷാബോട്ടുകൾക്കായില്ല. തുടർന്ന് കപ്പലിലേക്ക് കയർ എറിഞ്ഞുകൊടുത്തു. ലൈഫ് ജാക്കറ്റുകളുടെ സഹായത്തോടെ കപ്പലിലുണ്ടായിരുന്നവർ കയറിൽ പിടിച്ച് ബോട്ടിൽ കയറി. 35 മിനിറ്റുകൊണ്ട് രക്ഷാപ്രവർത്തനം പൂർത്തിയാക്കി എല്ലാവരെയും സുരക്ഷിതരായി റാഷിദ് തുറമുഖത്ത് എത്തിച്ചു. നാവികരെ രക്ഷിച്ച ദുബായ് പൊലീസിന് ഇന്ത്യൻ കോൺസുലേറ്റ് നന്ദി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here