Advertisement

‘ആയുധം കൈയിലെടുക്കാമെന്ന് സുഭാഷ് ചന്ദ്രബോസ് പറഞ്ഞത് പിണറായിയും കോടിയേരിയും മറക്കണ്ട’; മുന്നറിയിപ്പുമായി കെ മുരളീധരന്‍

February 22, 2019
Google News 1 minute Read

പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. ഷുഹൈബ് വധക്കേസിലെ പോലെയാണ് അന്വേഷണമെങ്കില്‍ നിയമം കൈയിലെടുക്കേണ്ടി വരുമെന്നും കെ മുരളീധരന്‍ കാസര്‍ഗോഡ് പറഞ്ഞു.

എല്ലാ വാതിലും കൊട്ടിയടച്ചാല്‍ പിന്നെ നിയമം കൈയിലെടുക്കുക മാത്രമേ വഴിയുള്ളൂ എന്ന് മുരളീധരന്‍ പറഞ്ഞു. തങ്ങളൊക്കെ ഗാന്ധി ശിഷ്യന്മാരാണ്. അതില്‍ സംശയമൊന്നുമില്ല. ഒരു കാര്യം മനസിലാക്കണം. ഇംഗ്ലീഷുകാരോട് സഹന സമരംകൊണ്ട് കാര്യമില്ല, വേണ്ടിവന്നാല്‍ ആയുധമെടുക്കാമെന്നു പറഞ്ഞ സുഭാഷ് ചന്ദ്രബോസ് കുറച്ചു കാലം കോണ്‍ഗ്രസിന്റെ അഖിലേന്ത്യ പ്രസിഡന്റായിരുന്നുവെന്ന കാര്യം പിണറായിയും കോടിയേരിയും മറക്കേണ്ട. മറ്റ് കേസുകളിലെ പോലെ ഡമ്മി പ്രതികളെ കൊണ്ടുവന്ന് ഇതൊക്കെ അങ്ങ് അവസാനിപ്പിക്കാമെന്ന് കരുതേണ്ട. കണ്ണൂരിലെ ജയരാജന്മാരാണ് പെരിയയിലെ കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്നും മുരളീധരന്‍ പറഞ്ഞു.

Read more: പെരിയയിലേത് ഹീനമായ കൊലപാതകം; ചിലര്‍ വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിച്ചുവെന്ന് മുഖ്യമന്ത്രി

അതേസമയം, പെരിയയിലെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. കൊലപാതകം ഹീനമാണെന്നും ന്യായീകരിക്കാന്‍ സാധിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിച്ചു. ഇത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും മുഖ്യമന്ത്രി കാസര്‍ഗോഡ് പറഞ്ഞു.

അതിനിടെ, പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ വസ്ത്രം കണ്ടെത്തി. കൊലപാതകം നടന്ന സ്ഥലത്തിന് സമീപമുള്ള തെങ്ങിന്‍ തോപ്പില്‍ നിന്നുമാണ് പ്രതികളുടെ ഷര്‍ട്ട് പൊലീസ് കണ്ടെത്തിയത്. വെളുത്തോളിയിലെ തോട്ടില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. യുവാക്കളെ വെട്ടാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന വടിവാളും പൊലീസ് കണ്ടെടുത്തു. തെളിവെടുപ്പിന് ശേഷം ഉച്ചയോടുകൂടി പ്രതികളെ കോടതിയില്‍ ഹാജരാക്കും.

കേസില്‍ ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായിരിക്കുന്നത്. സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി എംഗം എ പീതാംബരന്റേയും സജി ജോര്‍ജിന്റേയും അറസ്റ്റ് നേരത്തേ രേഖപ്പെടുത്തിയിരുന്നു. പീതാംബരാണ് കൊലപാതകത്തിലെ മുഖ്യസൂത്രധാരനെന്നാണ് പൊലീസ് പറയുന്നത്. കൊലപാതക സംഘം എത്തിയ വാഹനത്തിന്റെ ഡ്രൈവറായിരുന്നു സജി ജോര്‍ജ്. പൊലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന അശ്വിന്‍, സുരേഷ്, ഗിരിന്‍, ശ്രീരാഗ്, അനില്‍ എന്നിവരുടെ അറസ്റ്റ് ഇന്നലെയാണ് രേഖപ്പെടുത്തിയത്. അറസ്റ്റിലായവരെല്ലാം സിപിഐഎം അനുഭാവികളാണ്. അനിയും സുരേഷും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here