എഐഎഡിഎംകെ എംപി എസ് രാജേന്ദ്രന്‍ കാര്‍ അപകടത്തില്‍ മരിച്ചു

എഐഎഡിഎംകെ നേതാവും ലോക്‌സഭാംഗവുമായ എസ് രാജേന്ദ്രന്‍ കാറപകടത്തില്‍ മരിച്ചു. 62 വയസായിരുന്നു. ശനിയാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണിയോടെ വില്ലുപുരം ജില്ലയിലെ തിണ്ടിവനത്ത് വെച്ചായിരുന്നു അപകടം. സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
വില്ലുപുരം മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് രാജേന്ദ്രന്‍. അദ്ദേഹം സഞ്ചരിച്ച കാര്‍ മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read more: എഐഎഡിഎംകെയുടെ രണ്ടില ചിഹ്നം മരവിപ്പിച്ചു
2014 ല്‍ വില്ലുപുരം മണ്ഡലത്തില്‍ നിന്നാണ് രാജേന്ദ്രന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. സഭയുടെ വിവിധ കമ്മറ്റികളില്‍ അംഗമായിരുന്നു രജേന്ദ്രന്‍ 2001 മുതല്‍ 2006 വരെ വില്ലുപുരം ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ ചെയര്‍മാനായിരുന്നു. മദ്രാസ് യൂണിവേഴ്സ്റ്റിയില്‍ നിന്നും തമിഴ് സാഹിത്യത്തില്‍ ബിരുദം പഠനം പൂര്‍ത്തിയാക്കിയ രാജേന്ദ്രന്‍ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here