മലപ്പുറത്ത് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍

രാജ്യതാത്പര്യത്തിന് വിരുദ്ധമായ പോസ്റ്റർ പതിച്ചതിന് മലപ്പുറത്ത് അറസ്റ്റിലായ വിദ്യാർത്ഥികൾക്കെതിരെ കൂടുതൽ തെളിവുകൾ. വിദേശ രാജ്യങ്ങളിലെ തീവ്ര സ്വഭാവമുള്ള സംഘടനകളുമായി 2 പേർക്കും ബന്ധമുണ്ടെന്നാണ് സൂചന. ഇരുവരും സമൂഹമാധ്യമങ്ങളിൽ വിവിധ പേജുകളിലൂടെ വ്യാജ പ്രചരണം നടത്തിയതായും പോലീസ് കണ്ടെത്തി.
മലപ്പുറം ഗവ. കോളേജിൽ പതിച്ച പോസ്റ്ററുകളാണ് രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായ റിൻഷാദിന്റെയും ഒന്നാം വർഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർത്ഥിയായ മുഹമ്മദ് ഫാരിസിന്റെയും അറസ്റ്റിൽ കലാശിച്ചത്. വിശദമായ ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു തീവ്രസ്വഭാവമുള്ള പ്രവർത്തനങ്ങൾ ഏറെയും. വ്യാജ ഐഡി ഉപയോഗിച്ച് കലാപകാരി എന്ന ഫേസ്ബുക്ക് കൂട്ടായ്മ ഉണ്ടാക്കി പ്രവർത്തനം വ്യാപിപ്പിച്ചതായി പൊലീസ് കണ്ടെത്തി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള സംഘടനകളുമായും ഇവർ ബന്ധം പുലർത്തിയിരുന്നു.
തീവ്രവാദ സ്വഭാവമുള്ള വിവിധ വ്യക്തികളുമായും ഇവർ ബന്ധപ്പെട്ടിരുന്നതായി കേസിന്റെ അന്വേഷണച്ചുമതലയുള്ള ഡി വൈ എസ് പ ി ജലീൽ തോട്ടത്തിൽ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് റാഡിക്കൽ സ്റ്റുഡൻസ് ഫോറം സംഘടിപ്പിച്ച സെമിനാറിനും ഇരുവരും നേതൃത്വം നൽകി. സംഘടനക്ക് കോളേജിൽ പ്രവർത്തിക്കാനാവശ്യമായ ബൈലോ തയ്യാറാക്കിയതും ഇവർ ചേർന്നാണ്. സമൂഹമാധ്യമങ്ങളിൽ റിൻഷാദും ഫാരിസുമായി ബന്ധം പുലർത്തിയവർ പൊലീസ് നിരീക്ഷണത്തിലാണ്. കോളേജിനുള്ളിൽ രാജ്യതാത്പര്യത്തിന് വിരുദ്ധമായ പോസ്റ്റർ പതിച്ചതിന് പുറത്ത് നിന്ന് സഹായങ്ങൾ ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Read More: മലപ്പുറത്ത് പോസ്റ്റർ ഒട്ടിച്ച് സംഭവം; രാജ്യദ്രോഹക്കേസിൽ വിദ്യാർത്ഥികൾ കസ്റ്റഡിയിൽ
കോളേജിൽ പ്രവർത്തനാനുമതി ഇല്ലാതിരുന്നിട്ടും കൂടുതൽ വിദ്യാർത്ഥികളെ റാഡിക്കൽ സ്റ്റുഡൻസ് ഫോറം എന്ന സംഘടനയിൽ ചേർക്കാനും ഇരുവരും രഹസ്യനീക്കം നടത്തിയിരുന്നു. നാല് ദിവസം കസ്റ്റഡിയിലുള്ള ഇരുവരേയും വിശദമായി ചോദ്യം ചെയ്യുന്നതിനൊപ്പം ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് ഡി വൈ എസ് പ ി ജലീൽ തോട്ടത്തിൽ വ്യക്തമാക്കി. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിനും സാധ്യതയുണ്ട്.
തീവ്ര ഇടതുപക്ഷ നിലപാടുള്ള റാഡിക്കൽ സ്റ്റുഡന്റ്‌സ് ഫോറം എന്ന സംഘടനയുടെ പ്രവർത്തകരാണിവർ. ബുധനാഴ്ചയാണ് ക്യാന്പസിൽ പോസ്റ്റർ പതിച്ചത്. പ്രിൻസിപ്പലാണ് വിവരം മലപ്പുറം പൊലീസിനെ അറിയിച്ചത്. ഇന്നലെ വൈകിട്ട് റിൻഷാദിനെയും മുഹമ്മദ് ഫാരിസിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here