മലപ്പുറത്ത് പോസ്റ്റർ ഒട്ടിച്ച് സംഭവം; രാജ്യദ്രോഹക്കേസിൽ വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

രാജ്യത്തിൻറെ അഖണ്ഡതയെ ബാധിക്കുന്ന രീതിയിൽ കോളേജ് ക്യാമ്പസിൽ പോസ്റ്റർ പതിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്ത രണ്ട് വിദ്യർത്ഥികളെ കസ്റ്റഡിയിൽ വിട്ടു. വിദ്യാർത്ഥികളെ മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. കേസ് തിങ്കളാഴ്ച്ച പരിഗണിക്കും.
മലപ്പുറം ഗവൺമെൻറ് കോളേജ് വിദ്യാർത്ഥികളായ റിൻഷദ്, ഫാരിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ 124 എ വകുപ്പ് ചുമത്തിയിട്ടുണ്ട്. പ്രിൻസിപ്പാൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
രാജ്യതാത്പര്യത്തിന് വിരുദ്ധമായി ക്യാമ്പസിൽ പോസ്റ്റർ പതിച്ചെന്ന പരാതിയിൽ ഇന്നലെ ഇവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കശ്മീരിനും മണിപ്പൂരിനും പ്രത്യേക പദവി നൽകണമെന്നതായിരുന്നു പോസ്റ്ററിലെ ഉളളടക്കം.
തീവ്ര ഇടതുപക്ഷ നിലപാടുള്ള റാഡിക്കൽ സ്റ്റുഡന്റ്‌സ് ഫോറം എന്ന സംഘടനയുടെ പ്രവർത്തകരാണിവർ. ബുധനാഴ്ചയാണ് ക്യാന്പസിൽ പോസ്റ്റർ പതിച്ചത്. പ്രിൻസിപ്പലാണ് വിവരം മലപ്പുറം പൊലീസിനെ അറിയിച്ചത്. ഇന്നലെ വൈകിട്ട് റിൻഷാദിനെയും മുഹമ്മദ് ഫാരിസിനെയും കസ്റ്റഡിയിലെടുത്തു. രണ്ട് പേരെയും പൊലീസും സ്‌പെഷ്യൽ ബ്രാഞ്ചും ചോദ്യം ചെയ്തു.
പുറമെ നിന്നുള്ള ആരുടെയെങ്കിലും പിന്തുണ വിദ്യാർത്ഥികൾക്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. ഇവരുടെ കോൾ ലിസ്റ്റും പരിശോധിക്കുന്നു. എസ്എഫ്‌ഐ അനുഭാവിയായിരുന്നു റിൻഷാദ് സംഘടനയ്ക്ക് തീവ്രത പോരെന്ന നിലപാട് സ്വീകരിച്ചാണ് നാല് മാസം മുന്പ് ആർഎസ്എഫ് രൂപീകരിച്ചത്. സംഘടനയ്ക്ക് പ്രവർത്തനാനുമതി തേടിയിരുന്നെങ്കിലും കോളേജ് അധികൃതർ നൽകിയിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here