Advertisement

ബ്രഹ്മപുരം പ്ലാന്റിലെ തീയണച്ചതായി ജില്ലാ ഭരണകൂടം; പുക തുടരുന്നു

February 24, 2019
Google News 0 minutes Read

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ മുഴുവനായും അണച്ചുകഴിഞ്ഞതായി ജില്ലാ ഭരണകൂടം അറിയിച്ചു. പുക നിയന്ത്രണ വിധേയമായതായും 50 ശതമാനത്തിലധികം പുക കുറഞ്ഞിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളപറഞ്ഞു. സംഭവം അട്ടിമറിയാണെന്ന പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് മൂന്ന് ദിവത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കും. വെള്ളിയാഴ്ച വൈകീട്ടാണ് ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത്. തീ പിടുത്തത്തെ തുടര്‍ന്ന് രണ്ട് ദിവസം കൊച്ചി നഗരത്തിലും തൃപ്പൂണിത്തുറ, ഇരുമ്പനം മേഖലകളിലും പുക വ്യാപിച്ചത്  വലിയ ആശങ്കയുണ്ടാക്കിയിരുന്നു.

ഇന്നു രാവിലെയോടെ പുകശല്യം കൂടുതല്‍ രൂക്ഷമായതോടെ കൊച്ചിയില്‍ പലയിടത്തും ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലി റങ്ങുകയും ചെയ്തിരുന്നു. തൃപ്പുണിത്തുറ നഗരസഭ ചെയര്‍ പേഴ്‌സണ്‍ ചന്ദ്രികാ ദേവിയടക്കമുള്ളവരാണ് സമരത്തിനിറങ്ങിയത്. മാലിന്യം തള്ളാനുള്ള ഇടമായി നഗരസഭയെ മാറ്റാനാകില്ലെന്നും കളക്ടര്‍ നേരിട്ടെത്തി ചര്‍ച്ച നടത്താതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നുമായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. പ്രതിഷേധം ഉയര്‍ന്നതോടെ ജില്ലാ കളക്ടര്‍ പ്ലാന്റിലെത്തി പരിശോധന നടത്തിയിരുന്നു. രണ്ടു ദിവസമായി തുടരുന്ന തീപിടുത്തത്തിനിടെ കിലോമീറ്ററുകളോളം ദൂരത്തേക്കാണ് പുക പടര്‍ന്നത്. ഇതേ തുടര്‍ന്ന് നാട്ടുകാരില്‍ പലര്‍ക്കും ശ്വാസതടസ്സമുണ്ടായി. വാഹനങ്ങള്‍ക്കും തടസ്സമായി.

ജില്ലയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സിന് പുറമേ ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്നുമെത്തിയ ഫയര്‍ യൂണിറ്റുകള്‍ കൂടിയെത്തിയാണ് രണ്ടു ദിവസത്തോളമായി കത്തി നിന്ന തീ പൂര്‍ണമായും അണച്ചത്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്നായെത്തിച്ച പത്ത് ഹൈ പ്രഷര്‍ പമ്പുകള്‍ കടമ്പ്രയാറില്‍ സ്ഥാപിച്ച് മാലിന്യ കൂമ്പാരത്തിലേക്ക് വെള്ളം പമ്പ് ചെയ്തുള്ള മണിക്കൂറുകള്‍ നീണ്ട പരിശ്രമ ത്തിനൊടുവിലാണ് തീ മുഴുവനായും കെടുത്താനായത്.

ശ്വാസ തടസ്സം അടക്കമുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുന്ന പക്ഷം ജനങ്ങള്‍ക്കാവശ്യമായ പ്രാഥമീക ചികിത്സ നല്‍കാന്‍ മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ ആസ്പത്രികള്‍ക്കും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആരോഗ്യ പരമായ പ്രശ്‌നങ്ങളില്‍ സംശയ നിവാരണത്തിനായി 0484 2373616, 2 353711 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും കളക്ടര്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here