ജമ്മു കാശ്മീരിൻറെ പ്രത്യേക ഭരണഘടന പദവി ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം നാളെ മുതൽ

ജമ്മു കാശ്മീരിൻറെ പ്രത്യേക ഭരണഘടന പദവി ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രിം കോടതി നാളെ മുതൽ വാദം കേൾക്കും. നാളെ മുതൽ വ്യാഴാഴ്ച വരെ തുടർച്ചയായ ദിവസങ്ങളിൽ വാദം നടക്കും. ചീഫ് ജസ്റ്റിസ് രജ്ഞൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ആണ് ഹർജികൾ പരിഗണിക്കുന്നത്. കേസ് പരിഗണിക്കുന്നത് അനിശ്ചിത കാലത്തേക്ക് മാറ്റി വെക്കണമെന്ന് നേരത്തെ ജമ്മു കാശ്മീർ സർക്കാർ ആവശ്യപ്പെട്ടിരുന്നു. കശ്മീർ താഴ്വരെയിലെ പ്രത്യേക സാഹചര്യത്തിൽ കേസ് ഇപ്പോൾ പരിഗണിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് സർക്കാരിൻറെ വാദം.
1954ൽ ജവഹർ ലാൽ നെഹ്‌റു ഭരണകാലത്താണ് ഭരണഘടനയുടെ 35ാം അനുഛേദം എ പ്രകാരം കശ്മീരിന് പ്രത്യേകപദവി നൽകിയത്. നെഹ്‌റു മന്ത്രിസഭയുടെ നിർദ്ദേശപ്രകാരം പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് 35എ എന്ന വകുപ്പ് ഭരണഘടനയിൽ ചേർക്കാൻ ഉത്തരവിടുകയായിരുന്നു. ഭരണഘടന അനുഛേദം 370 പ്രകാരം പ്രസിഡൻഷ്യൽ ഓർഡറിലൂടെയാണ് 35എ ഉൾപെടുത്തിയത് എന്നതിനാൽ ഇക്കാര്യം പാർലമെന്റിൽ ചർച്ച ചെയ്തിരുന്നില്ല. 368 (i) പ്രകാരം പാർലമെന്റിന് മാത്രമേ ഭരണഘടനയിൽ ഭേദഗതി വരുത്താൻ സാധിക്കൂ എന്നുണ്ട്.
Read Also : ജമ്മു കാശ്മീരില്‍ കനത്ത സുരക്ഷ; 100 കമ്പനി അര്‍ധസൈനികരെ അധികമായി വിന്യസിച്ചു
35 എ പ്രകാരം ജമ്മു കശ്മീർ സംസ്ഥാന സർക്കാരിന് തദ്ദേശവാസികൾ ആരാണെന്ന് നിർണ്ണയിക്കാനുള്ള സമ്പൂർണ്ണ അധികാരമുണ്ട്. സംസ്ഥാന പൊതുമേഖലയിലെ നിയമനം, സംസ്ഥാനത്തിനകത്തെ വസ്തുക്കൾ ഏറ്റെടുക്കൽ, സ്‌കോളർഷിപ്പുകൾ മറ്റ് ധനസഹായങ്ങൾ, ക്ഷേമപ്രവർത്തനങ്ങൾ എന്നിവയ്‌ക്കെല്ലാം ഭരണഘടനയിലെ ഈ വകുപ്പ് പ്രത്യേക സ്വാതന്ത്ര്യാനുമതി നൽകുന്നു. 35എയ്ക്ക് കീഴിൽ വരുന്ന സംസ്ഥാനസർക്കാരിന്റെ ഒരു പ്രവൃത്തിയേയും ഇന്ത്യൻ ഭരണഘടനയുടെ ലംഘനമായി കണക്കാക്കി ചോദ്യം ചെയ്യരുതെന്നും അനുശാസിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here