യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞു

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിനായി നടന്ന യു ഡി എഫ് ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞു. അധിക സീറ്റെന്ന ആവശ്യം മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും യോഗത്തില്‍ ആവര്‍ത്തിച്ചു. സീറ്റുകള്‍ വിട്ടുനല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് നിലപാട് അറിയിച്ചതോടെയാണ് ഇന്നത്തെ ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടത്. മാര്‍ച്ച് ആദ്യവാരം വീണ്ടും ഉഭയകക്ഷി യോഗങ്ങള്‍ ചേരും. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന യു ഡി എഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.
Read Also: ഇടുക്കി സീറ്റ് വേണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് (ജേക്കബ്)
ഓരോ ഘടകകക്ഷി നേതാക്കളുമായും പ്രത്യേകം കൂടിക്കാഴ്ചകളാണ് നടത്തിയത്. മൂന്നാം സീറ്റെന്ന ആവശ്യം ഉഭയകക്ഷി യോഗത്തില്‍ ലീഗ് ആവര്‍ത്തിച്ചു. ലീഗുമായി രണ്ട് റൗണ്ട് ചര്‍ച്ചകള്‍ നടന്നെങ്കിലും ധാരണയായില്ല. അടുത്ത മാസം ഒന്നിന് കോഴിക്കോട് ലീഗുമായി വീണ്ടും ചര്‍ച്ച നടത്തും.കേരള കോണ്‍ഗ്രസ് അധിക സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോയാല്‍ ലീഗും വിട്ടുവീഴ്ച ചെയ്‌തേക്കുമെന്നാണ് സൂചന.രണ്ടാം സീറ്റ് അനുവദിക്കാനാവില്ലെന്ന് കേരള കോണ്‍സ് എമ്മുമായുള്ള ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നിലപാടെടുത്തെങ്കിലും കെ എം മാണിയും പിജെ ജോസഫും നിലപാട് ആവര്‍ത്തിച്ചു.
അടുത്ത മാസം മൂന്നിന് മാണി വിഭാഗമായി വീണ്ടും ചര്‍ച്ച നടത്തും.ഇടുക്കി സീറ്റ് വേണമെന്ന കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം തള്ളി. ജേക്കബ് വിഭാഗവുമായി ഇനി ചര്‍ച്ച നടത്തില്ല. അധിക സീറ്റുകള്‍ അനുവദിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ഘടകക്ഷികളെ അറിയിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. അടുത്ത ഞായറാഴ്ചയ്ക്കുള്ളില്‍ യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കാനാവുമെന്ന് കരുതുന്നതായി ചെന്നിത്തല പറഞ്ഞു. മാര്‍ച്ച് നാലിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കും തുടക്കമാവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here