Advertisement

പാക് ആക്രമണം; ഇന്ത്യയെ പിന്തുണച്ച് ചൈന

February 27, 2019
Google News 1 minute Read

അതിര്‍ത്തിയില്‍ പാക് സേന നടത്തിയ വ്യോമാക്രമണത്തില്‍ ഇന്ത്യയെ പിന്തുണച്ച് ചൈന. ഭീകരവാദത്തെ പാക്കിസ്ഥാന്‍ പിന്തുണയ്ക്കരുതെന്ന് ചൈന ആവശ്യപ്പെട്ടു. ഭീകരവാദ സംഘടനയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്നും ചൈന പറഞ്ഞു. റഷ്യക്കും ഇന്ത്യക്കുമൊപ്പം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഭീകരതയ്‌ക്കെതിരെ ചൈന നിലപാട് വ്യക്തമാക്കിയത്.  തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നവര്‍ ഇതില്‍ നിന്നും പിന്തിരിയണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പാക്കിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിച്ചതിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ഇന്നലെ ചൈന നിലപാടെടുത്തിരുന്നു. ഇരു രാജ്യങ്ങളും സംയമനം പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈനീന് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞിരുന്നു. ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ഇടപെടാമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ വ്യോമാക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഭീകരവാദത്തിനെതിരെ ചൈന ശക്തമായ നിലപാട് സ്വീകരിച്ചത്.

Read more: ഇന്ത്യന്‍ പൈലറ്റിനെ പിടികൂടിയെന്ന് പാക്കിസ്ഥാന്‍, ആട്ടിടയന്റെ ചിത്രമാണെന്ന് വ്യോമസേന

ബുധനാഴ്ച ഉച്ചയോടെയാണ് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു. രജൗരി ജില്ലയിലായിരുന്നു ആക്രമണം. പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി ലംഘിച്ച് എത്തിയ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തുരത്തി. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ബോംബ് വര്‍ഷിച്ചതായും സൂചനയുണ്ട്. പാക്കിസ്ഥാന്റെ ആക്രമണത്തിന് പിന്നാലെ കശ്മീരില്‍ നാലും ഹിമാചല്‍പ്രദേശില്‍ രണ്ടും വിമാനത്താവളങ്ങള്‍ അടച്ചു. ജമ്മു-പത്താന്‍കോട്ട് പാതയിലെ ഗതാഗതവും സൈന്യം റദ്ദാക്കിയിട്ടുണ്ട്.

അതിനിടെ ആക്രമണം സ്ഥിരീകരിച്ച് പാക് സൈനിക മേധാവി ജനറല്‍ അസിഫ് ഗഫൂര്‍ രംഗത്തെത്തി. നിയന്ത്രണ രേഖ ലംഘിക്കാതെയാണ് ആക്രമണമെന്നാണ് പാക്കിസ്ഥാന്റെ അവകാശ വാദം. സാധാരണക്കാരെ ഒഴിവാക്കിയാണ് ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാന്‍ പറയുന്നു. ഇത് ഇന്ത്യയുടെ നടപടിക്കുള്ള തിരിച്ചടിയല്ലെന്നും സ്വയം രക്ഷയ്ക്ക് വേണ്ടിയുള്ള നടപടി മാത്രമാണെന്നും അസിഫ് വ്യക്തമാക്കി.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി നടത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആക്രമണം. ചകോട്ടി, ബലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലെ ഭീകരരുടെ ക്യാമ്പുകള്‍ക്ക് നേരെയായിരുന്നു വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 200 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂം പൂര്‍ണ്ണമായും ആക്രമണത്തില്‍ തകര്‍ന്നു. മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. 1000 കിലോ ബോംബുകളും ഇന്ത്യ വര്‍ഷിച്ചു. ലേസര്‍ നിയന്ത്രിത ബോംബുകളും ഇന്ത്യ ഉപയോഗിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here