സൈന്യത്തിന്റെ ത്യാഗത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ബിജെപിയുടെ ശ്രമം ദൗർഭാഗ്യകരം : പ്രതിപക്ഷം

പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയ ശേഷം ഉണ്ടായ സുരക്ഷ പ്രശ്‌നങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത പ്രസ്താവന. സൈന്യത്തിന്റെ ത്യാഗത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ബിജെപിയുടെ ശ്രമം ദൗർഭാഗ്യകരാണെന്ന് പ്രസ്താവന പറയുന്നു. ഇടുങ്ങിയ രാഷ്ട്രീയ പരിഗണന വച്ച് രാജ്യസുരക്ഷയെ കാണരുത്. കാണാതായ പൈലറ്റിനെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇന്ന് ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം ആവശ്യപ്പെട്ടു.
ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള പൊതു മിനിമം പരിപാടി സംബന്ധിച്ച ചർച്ചകൾക്കായി നേരത്തെതന്നെ നിശ്ചയിച്ചതായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ യോഗം . പുൽവാമ ഭീകരാക്രമണത്തിന്റെയും തിരിച്ചടിയായി പാകിസ്താനിലെ ജൈഷെ മുഹമ്മദ് കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെയും പശ്ചാത്തലത്തിൽ രാജ്യ സുരക്ഷയായി യോഗത്തിന്റെ മുഖ്യ അജണ്ട. പുൽവാമക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ വ്യോമസേനയുടെ നടപടിയെ പ്രകീർത്തിച്ച യോഗം തുടർന്നുണ്ടായ സംഭവ വികാസങ്ങലിൽ ആശങ്ക രേഖപ്പെടുത്തി. ഇന്ത്യൻ സൈന്യത്തിന്റെ നടപടിയെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുക ആണെന്നും യോഗം കുറ്റപ്പെടുത്തി. ജവാൻമാരുടെ ജീവത്യാഗത്തെ രാഷ്ട്രീയ വൽക്കരിക്കാനുള്ള ബിജെപി നീക്കം വേദനജനകമാണ്.
ഇതിനെ രാഷ്ട്രീയമായിത്തന്നെ നേരിടും. ഇടുങ്ങിയ രാഷ്ട്രീയ പരിഗണന വച്ച് രാജ്യസുരക്ഷയെ കാണരുത്. രാജ്യത്തെ വിശ്വാസത്തിലെടുത്തുള്ള നടപടികൾ സ്വീകരിക്കണം. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന പ്രമേയവും യോഗത്തിൽ പാസാക്കി. പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
കാണാതായ പൈലറ്റിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച യോഗം ശത്രു രാജ്യത്തിന്റെ നീചമായ ആക്രമണത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് ആവർത്തിച്ചു. 21 പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. ഇടത് പാർട്ടി പ്രതിനിധികളും യോഗത്തിനെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here