സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ കടുത്ത ചേരിതിരിവ്

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ കടുത്ത ചേരിതിരിവ്. അന്തിമ യോഗത്തിൽ ജൂറി അംഗങ്ങളുടെ നിർദേശം ഒപ്പിട്ടു നൽകിയ ശേഷം ചെയർമാൻ കുമാർ സാഹ്നി ഇറങ്ങിപ്പോയി. പിണറായി മന്ത്രിസഭയുടെ ആയിരം ദിനാഘോഷ സമാപന ദിവസം തന്നെ അവാർഡ് പ്രഖ്യാപിക്കണമെന്ന സാംസ്കാരിക മന്ത്രി എ കെ ബാലന്റ പിടിവാശി മൂലം അംഗങ്ങൾക്ക് സിനിമകൾ നന്നായി വിലയിരുത്താനായില്ലെന്ന വിമർശനവുമുണ്ട്.

21 സിനിമകൾ. കുമാർ സാഹ്നി ചെയർമാനായ ജൂറിക്ക് വിലയിരുത്തലിന് കിട്ടിയത് കുറച്ചു സമയം മാത്രം. ഒടുവിൽ ചെയർമാനും ജൂറി അംഗങ്ങളും ചേരിപ്പോരും. മികച്ച സംവിധായകൻ, നടി തുടങ്ങി 6 ഇനങ്ങളിൽ ചെയർമാന്റെ നിർദേശം അംഗങ്ങൾ തള്ളി. അവാർഡ് പ്രഖ്യാപനം ആയിരം ദിനാഘോഷ സമാപനത്തിൽ തന്നെ പ്രഖ്യാപിക്കണമെന്ന മന്ത്രിയുടെ വാശി കൂടിയായതോടെ അവസാന വട്ടം വിധി നിർണയ സമിതിയിൽ കൂട്ടപ്പൊരിച്ചിലായി. അന്തിമ യോഗത്തിൽ നിന്നിറങ്ങിയപ്പോയ ജൂറി ചെയർമാനെ പ്രഖ്യാപന വേളയിൽ കണ്ടതുമില്ല.

Read Also : സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം തുടങ്ങി; ശ്രീകുമാരൻ തമ്പി ജെസി ഡാനിയൽ പുരസ്കാരം ഏറ്റുവാങ്ങി

മികച്ച ചിത്രമായി തെരഞ്ഞെടുത്ത കാന്തൻ ദ കളർ ഓഫ് ലവിന്റെ സംവിധായകൻ ഷരീഫ് ഈസയെ മികച്ച സംവിധായകനായി നിർദ്ദേശിച്ചത് കുമാർ സാഹ്നി . സംവിധായക മേന്മ അളക്കേണ്ടത് പല മാനദണ്ഡങ്ങളും വിലയിരുത്തിയാകണമെന്ന് അംഗങ്ങൾ . അവാർഡ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പു വരെ പലവട്ടം നടന്ന ചർച്ചകളിലും ചെയർമാനും അംഗങ്ങളും പലതിലും യോജിച്ചില്ല.

മികച്ച നടനുള്ള പുരസ്കാരത്തിന് ജയസൂര്യയും സൗബിൻ ഷാഹിറും മാത്രമാണ് അന്തിമ പരിഗണനയിലുണ്ടായിരുന്നത്. ക്യാപ്റ്റനിലെ അഭിനയ മികവു മാത്രമായിരുന്നു ജയസൂര്യയെ പരിഗണിക്കാൻ കാരണം. പക്ഷേ അവാർഡ് പ്രഖ്യാപനമായപ്പോൾ ക്യാപ്റ്റനൊപ്പം ഞാൻ മേരിക്കുട്ടിയിലെ അഭിനയവും കടന്നു കൂടി. മികച്ച നടിക്കായി നിമിഷ സജയൻ, ഐശ്വര്യ ലക്ഷ്മി, അനു സിതാര എന്നിവരെ പരിഗണിച്ചപ്പോൾ ജൂറി ചെയർമാൻ ഉർവശിക്കു വേണ്ടിയാണ് വാദിച്ചത്. അരവിന്ദന്റെ അതിഥികളിലെ അഭിനയമാണ് കുമാർ സാഹ്നി ചൂണ്ടിക്കാട്ടിയത്. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ സംവിധാനം ചെയ്ത ആമിയും അംഗം ബീനാ പോൾ എഡിറ്റിംഗ് നിർവഹിച്ച കാർബണും മത്സര വിഭാഗത്തിൽ നിന്ന് പിൻവലിക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും അവാർഡുകൾ വാരിക്കൂട്ടിയത് ഈ രണ്ടു സിനിമകളിലേയും അണിയറ പ്രവർത്തകരാണ്. കാർബണിന് ആറും ആമിക്ക് രണ്ടും അവാർഡുകൾ. സുഡാനി ഫ്രം നൈജീരിയയും അവാർഡ് വാരിക്കൂട്ടി. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട കാന്തൻ ദ ല വ ർ ഓഫ് കളർ ഇനിയും തിയറ്ററുകളിലെത്തിയിട്ടില്ല.അവാർഡ് നിർണയത്തിനെതിരെയും ജൂറി എല്ലാ സിനിമയും കാണാത്തതിനെതിരെയും ഒടിയന്റെ കഥാകൃത്ത് രംഗത്തെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top