അണിയറ പ്രവർത്തകർ ടൈറ്റിൽ കാർഡിൽ പേര് വച്ചില്ല, ബിജുവിന് നഷ്ടമായത് നൃത്തസംവിധായകനുള്ള സംസ്ഥാന പുരസ്കാരം

biju

നാൽപത്തിയൊന്പതാമത്  സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ കൂട്ടത്തിൽ നിന്ന് ബിജു ധ്വനിതരംഗ് എന്ന നൃത്ത സംവിധായകൻ മാറ്റി നിർത്തപ്പെട്ടത് ഒരു അശ്രദ്ധയുടെ പേരിലാണ്. അരവിന്ദന്റെ അതിഥികൾ എന്ന സിനിമയിൽ നൃത്ത സംവിധാനത്തിന്  പ്രസന്ന സുജിത്താണ്  (പ്രസന്നമാസ്റ്റർ) 2018ലെ മികച്ച നൃത്തസംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ പ്രസന്ന മാസ്റ്ററെ കൂടാതെ ഈ ഒരു നൃത്ത സംവിധായകൻ കൂടി ഈ സിനിമയിൽ  പ്രവർത്തിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ബിജുവിന്റെ പേര് ടൈറ്റിൽ കാർഡിൽ ഉൾപ്പെടുത്താൻ വിട്ടുപോയി. അത് വഴി മികച്ച നൃത്ത സംവിധായകനുള്ള പുരസ്കാരവും കൈവിട്ട് പോയി.


സിനിമയുടെ കഥാഗതിയിൽ നിർണ്ണായകമായ കയ്യൊപ്പ് പതിപ്പിച്ചത് ബിജു ചെയ്ത നൃത്ത രംഗങ്ങളായിരുന്നു. സിനിമയിൽ നായിക അരവിന്ദനെ ഉപേക്ഷിച്ച് പോയ അമ്മയെ കണ്ടെത്താൻ പുറപ്പെടുന്നത് സ്റ്റേജിൽ കർണ്ണന്റേയും കുന്തിയുടേയും നൃത്താവിഷ്കാരം കണ്ടിട്ടാണ്. കഥയുടെ മൂർത്തഭാവങ്ങളിൽ ആ ചുവടുകൾ തന്നെ പല തവണ സ്ക്രീനിൽ വന്ന് പോകുകയും ചെയ്തു. ബിജുവാണ് ആ ഡാൻസ് സ്വീക്വൻസുകൾ സിനിമയ്ക്കായി കോറിയോഗ്രാഫി ചെയ്തത്.

ടൈറ്റിൽ കാർഡിൽ പേര് വയ്ക്കാൻ മറന്നത് തങ്ങളുടെ വീഴ്ചയാണെന്ന് അരവിന്ദന്റെ അതിഥികളുടെ സംവിധായകൻ എം മോഹനനും, നിർമ്മാതാവ് പ്രദീപ് കുമാർ പതിയറയും തുറന്ന് സമ്മതിക്കുന്നു. ഇക്കാര്യം ചലച്ചിത്ര അക്കാദമിയെ കഴിഞ്ഞ ദിവസം നിർമ്മാതാവ് ബോധ്യപ്പെടുത്തുകയും ചെയ്തു. തങ്ങൾ വഴിയുണ്ടായ വീഴ്ചയിൽ ബിജുവിന്റെ കഴിവ് അംഗീകരിക്കപ്പെടാതെ പോകരുതെന്ന് നിർബന്ധമുള്ളതിനാലാണ് അക്കാദമിയെ സമീപിച്ചതെന്ന്  മോഹനും പ്രദീപും ട്വന്റിഫോറിനോട് പറഞ്ഞു.


നിരവധി സ്റ്റേജ് ഷോകളും, താരനിശകളും ചെയ്തിട്ടുള്ള നൃത്ത സംവിധായകനാണ് കൊച്ചി സ്വദേശിയായ ബിജു ധ്വനിതരംഗ്. അരവിന്ദന്റെ അതിഥികളിൽ നടി ശ്രീജ ചെയ്ത കഥാപാത്രത്തിന്റെ അസിസ്റ്റന്റായി സിനിമയിൽ ബിജു അഭിനയിക്കുകയും ചെയ്തിരുന്നു. അത് കൊണ്ട് ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ അഭിനേതാക്കളുടെ കൂട്ടത്തിൽ ബിജുവിന്റെ പേര് വന്നു. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് വിട്ടുപോയി.  ഒരു മുറൈവന്ത് പാർത്തായാൽ, പുത്തൻ പണം തുടങ്ങി മൂന്നിലധികം ചിത്രങ്ങളുടെ നൃത്തസംവിധാനം നിർവഹിച്ചിട്ടുണ്ട് ബിജു. കൊച്ചിയിൽ ധ്വനി തരംഗ് എന്ന ഡാൻസ് സ്ക്കൂളും ബിജുവിന്റേതായുണ്ട്.

പ്രസന്ന മാസ്റ്റർ അരവിന്ദന്റെ അതിഥികളിൽ  നൃത്ത സംവിധാനം ചെയ്തത് സിനിമയിലെ ഒരു ആൽബം ഷൂട്ടുമായി ബന്ധപ്പെട്ട പാട്ടിലാണ്. കുടജാദ്രിയിൽ ചിത്രീകരിച്ച ആ പാട്ടിൽ മാത്രമാണ് പ്രസന്ന മാസ്റ്റർ പ്രവർത്തിച്ചതും. സിനിമയിൽ ബാക്കി വന്ന നൃത്തവുമായി ബന്ധപ്പെട്ട എല്ലാ ഭാഗത്തും പ്രവർത്തിച്ചത് ബിജുവായിരുന്നു.

സിനിമയുടെ ചിത്രീകരണത്തിന് വളരെ മുമ്പ് തന്നെ താൻ  സിനിമിയുടെ കോറിയോഗ്രാഫി ബിജുവിനെ ഏൽപ്പിച്ചിരുന്നെന്ന് സംവിധായകൻ പറഞ്ഞു.  കുന്തിയും കർണ്ണനും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച ചർച്ചകൾ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് ബിജുവിനോട് നടത്തിയിരുന്നു.   കൺസെപ്റ്റ് കൃത്യമായി പറഞ്ഞ് കൊടുത്ത് ബിജുവിനെ കൊണ്ട് കോറിയോഗ്രാഫി ചെയ്യിക്കുകയായിരുന്നു. ടൈറ്റിൽ കാർഡിൽ ബിജുവിന്റെ പേര് വയ്ക്കാൻ മറന്നു പോയത് വലിയ വീഴ്ചയാണ്. ചിത്രത്തിൽ അഭിനയിച്ചതിനാൽ അഭിനേതാക്കളുടെ കൂട്ടത്തിൽ ബിജുവിന്റെ പേരുണ്ട്. പക്ഷേ നൃത്തസംവിധായകൻ എന്ന ടൈറ്റിൽ കാർഡിൽ പ്രസന്നയുടെ പേര് മാത്രമാണ് ഉള്ളത്,  തങ്ങൾക്ക് പറ്റിയ വീഴ്ചയാണത്.

ബിജു ഈ സിനിമയ്ക്കായി നല്ലവണ്ണം പ്രയത്നിച്ചിട്ടുണ്ടെന്ന് മോഹനൻ തന്നെ പറയുന്നു. എല്ലാ പ്രോഗ്രാമുകളും മാറ്റി വച്ചാണ് ബിജു അരവിന്ദന്റെ അതിഥികളുമായി ചേർന്ന് പ്രവർത്തിച്ചത്. കർണ്ണന്റേയും കുന്തിയുടേയും നൃത്തത്തിൽ ബിജുതന്നെയാണ് കർണ്ണനായി വേഷമിട്ടത്.  പന്ത്രണ്ട് മിനുട്ടോളും ദൈർഘ്യമുള്ള കോറിയോഗ്രാഫി ഷൂട്ട് ചെയ്ത് അതിൽ കഥയ്ക്ക് പ്രധാന്യമുള്ള സീനുകൾ സിനിമയിലേക്ക് എഡിറ്റ് ചെയ്ത് ചേർക്കുകയാണ് ചെയ്തത്.  അർഹതപ്പെട്ടത് ബിജുവിന് നഷ്ടപ്പെട്ടരുതെന്ന് നിർബന്ധം ഉള്ളതിനാലാണ് മുന്നോട്ട് പോകുന്നതെന്നും മോഹനൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top