യുദ്ധഭൂമികളില്‍ ആതുരസേവകയായി പ്രവര്‍ത്തിച്ച ഡോക്ടര്‍ ശോഭ, അഭിനന്ദന്റെ അമ്മ

പാക് കസ്റ്റഡിയില്‍ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ ധീരതയോടെയാണ് പിടിച്ചു നിന്നത്. എയര്‍മാര്‍ഷലായിരുന്ന പിതാവ് എസ് വര്‍ത്തമാന്‍ അത്രമേല്‍ പിന്തുണയും ധൈര്യവും പകര്‍ന്നാണ് മകനെ വളര്‍ത്തിയെടുത്തത്. അതേപോലെ തന്നെയാണ് അഭിനന്ദന്റെ അമ്മയും. യുദ്ധഭൂമികളില്‍ ആതുരസേവകയായി പ്രവര്‍ത്തിച്ച അഭിനന്ദന്റെ അമ്മയെക്കുറിച്ചും അറിയണം.

ഡോ ശോഭാ വര്‍ത്തമാനാണ് അഭിനന്ദന്റെ അമ്മ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ യുദ്ധഭൂമികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലൈബീരിയ, ഇറാഖ്, ഐവറി കോസ്റ്റ്, പാപ്പുവ ന്യൂ ഗിനിയ, ഹെയ്തി, ലാവോസ് തുടങ്ങിയ ഇടങ്ങളിലെല്ലാം സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ അവര്‍ സേവനത്തിനായി ഇറങ്ങി പ്രവര്‍ത്തിച്ചു.

മദ്രാസ് മെഡിക്കല്‍ കോളെജിലാണ് ശോഭ ബിരുദപഠനം നടത്തിയത്. തുടര്‍ന്ന് അനസ്‌തേഷ്യയില്‍ ബിരുദാനന്ദ ബിരുദത്തിന് ഇംഗ്ലണ്ടിലേക്ക് പോയി. റോയല്‍ കോളെജ് ഓഫ് ഇംഗ്ലണ്ടില്‍ നിന്നാണ് ശോഭ ബിരുദാനന്ദര ബിരുദം നേടിയത്. മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് എന്ന സംഘടനയുടെ വോളണ്ടിയറായിട്ടാണ് സംഘര്‍ഷ പ്രദേശങ്ങളിലേക്ക് ശോഭ എത്തുന്നത്. തീര്‍ത്തും സൗജന്യ സേവനങ്ങളായിരുന്നു ശോഭ നടത്തിയത്.

രണ്ടാം ഗള്‍ഫ് യുദ്ധകാലത്ത് ഇറാഖിലെ സുലേമാനിയയിലായിരുന്നു ശോഭ ആതുരസേവനം ചെയ്തത്. ഇവിടെവെച്ച് ചാവേറാക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവം അവര്‍ക്കുണ്ടായി. ഇറാന്‍ യുദ്ധഭൂമിയിലും ശോഭ ആതുര സേവനവുമായി സധൈര്യം ഇറങ്ങിച്ചെന്നു. 2010 ല്‍ മൂന്ന് ലക്ഷത്തോളം പേര്‍ കൊല്ലപ്പെടാനിടയായ ഹെയ്തി ഭൂകമ്പസമയത്തും ആതുരസേവനത്തിനായി ശോഭ എത്തിയിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top