Advertisement

അണിഞ്ഞൊരുങ്ങി വൈഷ്ണവി; ക്യന്‍സറിനോട് പറഞ്ഞു, പ്ലീസ് സ്റ്റെപ് ബാക്ക്

March 2, 2019
Google News 1 minute Read

ഏതൊരു പെണ്‍കുട്ടിയുടെയും ഏറ്റവും വലിയ സ്വപ്നം അവളുടെ വിവാഹമാണ്. വിവാഹദിനത്തില്‍ സുന്ദരിയായി കാണപ്പെടണമെന്നും ഓരോ പെണ്‍കുട്ടിയുടെയും ആഗ്രഹമാണ്. എന്നാല്‍ വിവാഹനാളില്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങണമെന്ന ആഗ്രഹത്തിന് ക്യാന്‍സര്‍ വില്ലനായാലോ? ക്യാന്‍സറിനോട് പറയും, പ്ലീസ് സ്റ്റെപ് ബാക്ക്.

ചുവന്ന പട്ടുസാരി, വലിയ നെറ്റിച്ചുട്ടി, കമ്മല്‍… അണിഞ്ഞൊരുങ്ങി സുന്ദരിയായി ഒരു യുവതി. സ്ഥിരം വധൂസങ്കല്‍പങ്ങളെ അനുസ്മരിപ്പിക്കുന്ന ലുക്കിലെത്തിയ വൈഷ്ണവി എന്ന യുവതി അണിഞ്ഞൊരുങ്ങിയത് വിവാഹത്തിനു വേണ്ടിയല്ല, മറിച്ച് കാന്‍സര്‍ രോഗത്തോടു പടപൊരുതുന്നവര്‍ക്കൊരു പ്രചോദനവുമായാണ്. മോട്ടിവേഷണല്‍ സ്പീക്കറും നര്‍ത്തകിയുമായ വൈഷ്ണവി ഭുവനേന്ദ്രന്‍ എന്ന യുവതിയാണ് വ്യത്യസ്തമായൊരു ആശയവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ നവി ഇന്ദ്രന്‍ പിള്ള എന്ന പേരില്‍ വൈഷ്ണവി പങ്കുവച്ച വെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെയും കരുത്തുറ്റ പെണ്‍മനസ്സിന്റെ അടയാളപ്പെടുത്തലുകളാണ്. ‘ഒന്നിനും എന്നെ തടുക്കാനാവില്ല, കാന്‍സറിനു പോലും’ എന്ന ക്യാപ്ഷനോടെയാണ് വൈഷ്ണവി വധൂവേഷത്തിലെത്തിയ ചിത്രങ്ങള്‍ പങ്കുവച്ചത്. കീമോ ചെയ്ത് മുടി പറ്റെ കൊഴിഞ്ഞ തലയില്‍ അണിയിച്ചിരിക്കുന്ന നെറ്റിച്ചുട്ടി അവളുടെ സൗന്ദര്യം വീണ്ടും ഇരട്ടിച്ചു.

കാന്‍സര്‍ രോഗി ആയി എന്നറിഞ്ഞാല്‍ പിന്നെ പരിമിതികളുടെ ലോകം മാത്രം കാഴ്ച്ചവെക്കുന്നവര്‍ക്കു മുന്നില്‍ പോരാടുകയാണ് വൈഷ്ണവി. ഏതൊരു പെണ്‍കുട്ടിയുടെയും മനസ്സില്‍ വിവാഹ ദിനത്തില്‍ അണിഞ്ഞ് ഒരുങ്ങുന്നതിനെക്കുറിച്ച് സ്വപ്‌നങ്ങളുണ്ടാകും. എന്നാല്‍ കാന്‍സര്‍ എന്ന രോഗത്തോടെ സൗന്ദര്യവും ആത്മവിശ്വാസവുമൊക്കെ നഷ്ടപ്പെട്ട് വിവാഹ സ്വപ്‌നങ്ങള്‍ പോലും ഇല്ലാതാക്കുന്നവരുണ്ട്. അത്തരക്കാര്‍ക്കൊരു പ്രചോദനമൊരുക്കുകയാണ് സ്തനാര്‍ബുദത്തെ തോല്‍പിച്ച വൈഷ്ണവിയുടെ ലക്ഷ്യം.

Read More‘വ്യക്തിയാണ് അവരുടെ വിഷയം’; ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി നല്‍കിയതിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി

ക്യാന്‍സറിനെ തുരത്തിയോടിച്ചു എന്നു കരുതിയിരുന്ന സമയത്താണ് അഞ്ചു വര്‍ഷത്തിനു ശേഷം വീണ്ടും കാന്‍സര്‍ ബാധിച്ചുവെന്നു കണ്ടെത്തുന്നത്, അപ്പോഴേക്കും അര്‍ബുദം കരളിനെയും നട്ടെല്ലിനെയും വരെ ബാധിച്ചിരുന്നു. അങ്ങനെ 2018ല്‍ വീണ്ടും നാളുകളുടെ പോരാട്ടങ്ങള്‍ക്കൊടുവില്‍ വൈഷ്ണവി കാന്‍സറിനെ തോല്‍പിച്ചു. പക്ഷേ, ആ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും വൈഷ്ണവി തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.

കീമോയ്ക്കു ശേഷം മുടി കൊഴിഞ്ഞു തുടങ്ങിയതോടെയാണ് തന്റെ ആത്മവിശ്വാസവും കുറഞ്ഞു വന്നതെന്ന് വൈഷ്ണവി ഓര്‍ക്കുന്നു. തന്നെ ആരും പ്രണയിക്കില്ലെന്നും ഒരിക്കലും വധുവായി അണിഞ്ഞൊരുങ്ങാനുള്ള ഭാഗ്യം ഉണ്ടാകില്ലെന്നും വൈഷ്ണവി കരുതി. പക്ഷേ പതിയെ യാഥാര്‍ഥ്യത്തെ സ്വാഗതം ചെയ്യാനും തനിക്ക് എന്തുണ്ടോ അതില്‍ തൃപ്തയാവാനും വൈഷ്ണവി ശീലിച്ചു.

കാന്‍സര്‍ നമ്മെ പല രീതിയില്‍ ബാധിച്ചേക്കാം, അതു നല്ലതായാലും ചീത്തയായാലും നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാന്‍ രോഗത്തെ ഒരിക്കലും അനുവദിക്കരുതെന്ന സന്ദേശമാണ്‌ വൈഷ്ണവിക്ക് കാന്‍സര്‍ രോഗികൾക്ക് നൽകാനുള്ളത്. നാം ചെയ്യുന്നതിനെ വെറുക്കുന്നവരും സംശയിക്കുന്നവരും ചുറ്റുമുണ്ടാകാം എന്നാല്‍ അവര്‍ തെറ്റായിരുന്നുവെന്ന് നാം തെളിയിക്കണം എന്നും വൈഷ്ണവി പറയുന്നു. ഒരു സ്വപ്‌നങ്ങളും കാറ്റില്‍ പറത്താന്‍ കാന്‍സര്‍ എന്ന രോഗം കാരണമാകരുതെന്ന വലിയ സന്ദേശം കൂടിയാണ് വൈഷ്ണവി ഫോട്ടോഷൂട്ടിലൂടെ പങ്കുവെക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here