ഇന്ത്യക്കെതിരെ എഫ് 16 വിമാനം ഉപയോഗിച്ച സംഭവം; പാക്കിസ്ഥാന്റെ വിശദീകരണം തേടി അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കന്‍ നിര്‍മിത എഫ്.16 വിമാനം ഇന്ത്യക്കെതിരെ ഉപയോഗിച്ച സംഭവത്തില്‍ അമേരിക്ക പാക്കിസ്ഥാനില്‍ നിന്നും വിശദീകരണം തേടി. പാക്കിസ്ഥാനുമായുള്ള കരാര്‍ പ്രകാരം എഫ് 16 വിമാനം ഇന്ത്യക്കെതിരെ ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക വിശദീകരണം തേടിയത്. പാക്കിസ്ഥാന്‍ എഫ് 16 ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ അമേരിക്കക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി.
പാക്കിസ്ഥാനുമായുള്ള ആയുധക്കരാര്‍ അനുസരിച്ച് എഫ് 16 വിമാനം ഇന്ത്യക്കെതിരെ ഉപയോഗിച്ചത് കരാര്‍ വ്യവസ്ഥയുടെ ലംഘനമാണെന്ന് അമേരിക്കന്‍ പ്രതിരോധ വക്താവ് കോണ്‍ ഫോക്ക്‌നര്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനോട് കൂടുതല്‍ വിവരങ്ങള്‍ തേടി. രഹസ്യസ്വഭാവമുള്ളതിനാല്‍ വിദേശ ആയുധവില്പന കരാറിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എഫ് 16 വിമാനം ഉപയോഗിച്ചാണ് പാകിസ്താന്‍ അതിര്‍ത്തി മറികടക്കാന്‍ ശ്രമിച്ചതെന്ന് ഇന്ത്യന്‍ വ്യോമസേന കഴിഞ്ഞദിവസം തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യക്കെതിരേ എഫ് 16 വിമാനം ഉപയോഗിച്ചിട്ടില്ലെന്നും ഇന്ത്യയുടെ ആരോപണം തെറ്റാണെന്നുമായിരുന്നു പാകിസ്താന്റെ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here