പെരിയ കൊലപാതകം; മുഖ്യപ്രതി പീതാംബരൻ റിമാൻഡിൽ

പെരിയ കൊലപാതകക്കേസ് മുഖ്യപ്രതി പീതാംബരൻ റിമാൻഡിൽ. പ്രതികൾ എത്തിയ വാഹനത്തിന്റെ ഉടമ സജിയും റിമാൻഡിൽ. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പീതാംബരനെ റിമാൻഡ് ചെയ്തത്. കാസർഗോഡ് സിജിഎം കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.
അതേസമയം, കൊലപാതകത്തിൽ പെരിയയ്ക്ക് പുറത്തുള്ള സിപിഎം നേതാക്കൾക്കും പങ്കുണ്ടെന്ന് പീതാംബരൻ ആദ്യത്തെ അന്വേഷണ സംഘത്തിന് മൊഴി നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അറസ്റ്റിലായ പീതാംബരൻ ആദ്യം കേസ് അന്വേഷിച്ച സംഘത്തിന് നൽകിയ മൊഴിയുടെ കൂടുതൽ വിശദാംശങ്ങളാണ് പുറത്ത് വന്നത്. പെരിയയ്ക്ക് പുറത്തുള്ള സിപിഎം നേതാക്കൾക്കും സംഭവത്തിൽ പങ്കുണ്ട്. കൊലപാതകം നടത്തിയതിന് ശേഷം സംഘം സിപിഎം ഉദുമ എരിയ നേതാവിനെ ബന്ധപ്പെട്ടു. മുൻ ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹികൂടിയായ നേതാവിനെയാണ് ബന്ധപ്പെട്ടത്. ഇയാളുടെ ഉപദേശ പ്രകാരമാണ് വസ്ത്രങ്ങൾ കത്തിച്ചതെന്നും പീതാംബരൻ മൊഴി നൽകിയതായാണ് സൂചന.
വെളുത്തോളിയിലെ പ്രാദേശിക നേതാവിന്റെ വീട്ടിൽ എത്തിയാണ് കൊലപാതക സംഘം കുളിച്ചതെന്നും മൊഴിയിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here