കുടിവെള്ളക്ഷാമവും വരള്‍ച്ചയും; മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം

കുടിവെള്ളക്ഷാമവും വരള്‍ച്ചയും നേരിടാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും വരള്‍ച്ച പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായി തദ്ദേശസ്ഥാപനങ്ങള്‍ മുതല്‍ ജില്ലാതലം വരെ ജനകീയ സമിതികള്‍ രൂപീകരിക്കാനും കളക്ടര്‍മാരോട് നിര്‍ദേശിച്ചു. വരള്‍ച്ചയെ നേരിടുന്നതിനുള്ള ഒരുക്കങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍മാരുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച നടത്തി.വേനല്‍ കടുക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.

ജലസംഭരണികളില്‍ വെള്ളം കുറയുന്നതും കുടിവെള്ള ക്ഷാമം ഒഴിവാക്കുന്നതിനും വേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. വരള്‍ച്ചാ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശസ്ഥാപനം മുതല്‍ ജില്ലാതലം വരെ ജനകീയ സമിതികള്‍ക്കും ജലവിഭവ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ദ്രുതകര്‍മ സേനകള്‍ക്കും രൂപം നല്‍കാന്‍ യോഗത്തില്‍ ധാരണയായി. വേനലില്‍ വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ നിരീക്ഷണം ശക്തമാക്കാന്‍ വനംവകുപ്പിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read Also: കേരളത്തിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്

തൊഴിലുറപ്പ്, കുടുംബശ്രീ, അംഗന്‍വാടി, ആശപ്രവര്‍ത്തകരെ ഉള്‍പ്പെടെ രംഗത്തിറക്കി കുടിവെള്ള സ്രോതസുകള്‍ സംരക്ഷിക്കാന്‍ വിപുലമായ ബോധവത്കരണം നടത്തും. വേനലില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ എല്ലാവിധ മുന്നൊരുക്കങ്ങളും വേണമെന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുറന്ന സ്ഥലത്ത് 11 മണിക്കും മൂന്നിനുമിടയില്‍ ജോലി ചെയ്യുന്നത് നിരുത്സാഹപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വിവിധ വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.

ദുരന്തനിവാരണ അതോറിറ്റി നേരത്തെ കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ശരാശരിയില്‍നിന്നും 8 ഡിഗ്രീയില്‍ അധികം ചൂട് വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രീ വരെ ചൂട് കൂടുതല്‍ ആയേക്കാമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയിലും കൂടുവാന്‍ ഉള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.സൂര്യാതപവും കഴിഞ്ഞുള്ള അവസ്ഥയാണ് ഉഷ്ണ തരംഗം. ഉച്ചസമയങ്ങളില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാവും ഇതു മൂലം ഉണ്ടാവുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top