മലപ്പുറം ദേശവിരുദ്ധ കേസ്; അറസ്റ്റിലായ വിദ്യാർത്ഥികളോട് ജില്ലാ കോടതിയിൽ ഹാജരാവാൻ ഉത്തരവ്
124 എ പ്രകാരം ദേശവിരുദ്ധ കേസിൽ അറസ്റ്റിലായ മലപ്പുറം ഗവമെന്റ് കോളേജിലെ വിദ്യാർത്ഥികളോട് ജില്ലാ കോടതിയിൽ ഹാജരാവാൻ ഉത്തരവ്. ജാമ്യം നൽകിയ മലപ്പുറം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന് എതിരെ ജില്ലാ കോടതി സ്വമേധയാ എടുത്ത റിവിഷൻ ഹർജിയിലാണ് മാര്ച്ച് എട്ടിന് നേരിട്ട് കോടതിയിൽ ഹാജരാകാൻ പ്രതികൾക്ക് നിർദേശം നൽകിയത്. ജാമ്യം നൽകിയ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയെ ജില്ലാ ജഡ്ജ് സുരേഷ് കുമാർ പോൾ ഇന്നും വിമർശിച്ചു.
രാജ്യതാത്പര്യത്തിന് വിരുദ്ധമായി ക്യാമ്പസിൽ പോസ്റ്റർ പതിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. മലപ്പുറം ഗവൺമെൻറ് കോളേജ് വിദ്യാർത്ഥികളായ റിൻഷദ്, ഫാരിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Read Also : മലപ്പുറത്ത് പോസ്റ്റർ ഒട്ടിച്ച് സംഭവം; രാജ്യദ്രോഹക്കേസിൽ വിദ്യാർത്ഥികൾ കസ്റ്റഡിയിൽ
കശ്മീരിനും മണിപ്പൂരിനും പ്രത്യേക പദവി നൽകണമെന്നതായിരുന്നു പോസ്റ്ററിലെ ഉളളടക്കം. തീവ്ര ഇടതുപക്ഷ നിലപാടുള്ള റാഡിക്കൽ സ്റ്റുഡന്റ്‌സ് ഫോറം എന്ന സംഘടനയുടെ പ്രവർത്തകരാണിവർ. പ്രിൻസിപ്പലാണ് വിവരം മലപ്പുറം പൊലീസിനെ അറിയിച്ചത്.
എസ്എഫ്‌ഐ അനുഭാവിയായിരുന്നു റിൻഷാദ് സംഘടനയ്ക്ക് തീവ്രത പോരെന്ന നിലപാട് സ്വീകരിച്ചാണ് നാല് മാസം മുന്പ് ആർഎസ്എഫ് രൂപീകരിച്ചത്. സംഘടനയ്ക്ക് പ്രവർത്തനാനുമതി തേടിയിരുന്നെങ്കിലും കോളേജ് അധികൃതർ നൽകിയിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here