ആലുവ മണപ്പുറത്ത് ശിവരാത്രി ബലിതർപ്പണം പുരോഗമിക്കുന്നു

ആലുവ മണപ്പുറത്ത് ശിവരാത്രി ബലിതർപ്പണം പുരോഗമിക്കുകയാണ്. പിതൃതർപ്പണത്തിനായി പതിനായിരക്കണക്കിന് ഭക്തരാണ് മണപ്പുറത്തേക്കെത്തുന്നത്. കനത്ത പൊലീസ് സുരക്ഷയിലാണ് ചടങ്ങുകൾ നടക്കുന്നത്.
പെരിയാറിന്റെ തീരത്ത് 178 ബലിത്തറകളാണ് ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്. തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി മുല്ല പിള്ളി ശങ്കരൻ നമ്പൂതിരിപ്പാടിന്റെയും നേതൃത്വത്തിലാണ് പ്രത്യേക പൂജകൾ നടക്കുന്നത്. ഭക്തർക്ക് നാളെ ഉച്ചവരെ പിതൃതർപ്പണം ചെയ്യാനുള്ള സൗകര്യങ്ങൾ ഉണ്ടാകും.
Read Also : ശിവരാത്രി; ആലുവ മണപ്പുറം ഒരുങ്ങി
ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ഇത്തവണ ശിവരാത്രിക്കുള്ള ക്രമീകരണങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. സുരക്ഷാ നടപടികളുടെ ഭാഗമായി കൂടുതൽ പോലീസിനെ ഇത്തവണ മണപ്പുറത്ത് വിന്യസിച്ചിട്ടുണ്ട്. പ്രത്യേക ഫയര്‍സ്റ്റേഷൻ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നേവിയുടെയും ആരോഗ്യ വകുപ്പിന്റെ സഹായവും തേടിയിട്ടുണ്ടെന്നും സംഘാടകർ പറഞ്ഞു. കെഎസ്ആർടിസി യുടെ വിവിധ ഡിപ്പോകളിൽ നിന്ന് കൂടുതൽ സർവ്വീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. തൃശൂരിനും ആലുവയ്ക്കുമിടയിൽ പ്രത്യേക ട്രെയിൻ സർവീസും ഉണ്ടാകും. മെട്രോയും കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി മെട്രോ മാർച്ച് നാലിന് രാത്രി 10 മണിക്ക് ശേഷം 3 മണിക്കൂർ അധികം സർവ്വീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. മാർച്ച് നാലിന് രാത്രി 1 മണിവരെയാണ് മെട്രോ സർവ്വീസ് ഉണ്ടാകുക. മാർച്ച് അഞ്ചിന് പതിവിലും ഒരു മണിക്കൂർ നേരത്തെ സർവ്വീസ് ആരംഭിക്കും. രാവിലെ 5 മണി മുതലാണ് മെട്രോ സർവ്വീസ് തുടങ്ങുക. ആലുവ മുതൽ എറണാകുളം എംജി റോഡ്! മഹാരാജാസ് സ്റ്റേഡിയം വരെയാണ് മെട്രോയുടെ സർവ്വീസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here