Advertisement

വെനസ്വേലയിൽ കൂറ്റൻ ശക്തി പ്രകടനം നടത്തുമെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷനേതാവ് ജുവാൻ ഗയ്‌ഡോ

March 5, 2019
Google News 1 minute Read

വെനസ്വേലയിൽ കൂറ്റൻ ശക്തി പ്രകടനം നടത്തുമെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷനേതാവ് ജുവാൻ ഗയ്‌ഡോ. വിദേശസന്ദർശനം പൂർത്തിയാക്കി ഇന്ന് വെനസ്വേലയിൽ തിരിച്ചെത്തുമെന്നും ഗയ്‌ഡോ ട്വിറ്ററിൽ കുറിച്ചു . അതേസമയം വെനസ്വേലയുടെ അതിർത്തികളിൽ പ്രക്ഷോഭകരുമായുള്ള സൈന്യത്തിൻറെ ഏറ്റുമുട്ടൽ തുടരുകയാണ്.

സന്ദർശനം പൂർത്തിയാക്കി വെനസ്വേലയിലേക്ക് മടങ്ങിയെത്തിയതിന് ശേഷമായിരിക്കും ശക്തി പ്രകടനവും പ്രതിഷേധങ്ങളും സംഘടിപ്പിക്കുകയെന്ന് ജുവാൻ ഗയ്‌ഡോ അറിയിച്ചു. താൻ വെനസ്വേലയിലേക്ക് മടങ്ങിവരികയാണെന്നും വെനസ്വേലയിലെ മുഴുവൻ ജനങ്ങളും ശക്തമായി സംഘടിക്കണമെന്നുമായിരുന്നു ഗയ്‌ഡോ ട്വിറ്ററിൽ കുറിച്ചത്. പ്രാദേശിക സമയം 11 മണിയോടെയാണ് ശക്തിപ്രകടനത്തിനായി ഒത്തുചേരാൻ ഗയ്‌ഡോ ആഹ്വാനം ചെയ്തിരിക്കുന്നത്.

Read Also : വെനസ്വേലയ്ക്ക് മേൽ പുതിയ ഉപരോധം ഏർപ്പെടുത്തി അമേരിക്ക

ബ്രസീൽ, അർജന്റീന, പരാഗ്വേ, കൊളംബിയ തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ സന്ദർശിച്ച് പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങളിലാണ് സ്വയം പ്രഖ്യാപിത പ്രസിഡന്റായ ജുവാൻ ഗെയ്‌ഡോ. ഇക്വഡോറിലായിരുന്നു ഗെയ്‌ഡോയുടെ അവസാന സന്ദർശനം. വെനസ്വേലയിലേക്ക് മടങ്ങി വന്നാൽ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ സർക്കാർ ഗയ്‌ഡോയെ അറസ്റ്റ് ചെയ്‌തേക്കുമോയെന്ന ആശങ്കയും നിലവിലുണ്ട് . അതേ സമയം ബ്രസീലും കൊളംബിയയുമായുള്ള അതിർത്തി വെനസ്വേല അടച്ചതിന് ശേഷം മേഖലയിൽ ആരംഭിച്ച സംഘർഷം തുടരുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെനസ്വേലയിലേക്ക് അയൽ രാജ്യങ്ങളിൽ നിന്നെത്തിച്ച ദുരിതാശ്വാസ സാമഗ്രികൾ ഇപ്പോഴും അതിർത്തിയിൽ കെട്ടിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട് . വിലക്ക് അവഗണിച്ച് ദുരിതാശ്വാസ സാമഗ്രികൾ കൈപ്പറ്റുന്നതിനായി പ്രക്ഷോഭകർ ശ്രമിക്കുന്നതാണ് സംഘർഷങ്ങൾക്ക് കാരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here