ഹര്‍ത്താല്‍കൊണ്ട് ആര്‍ക്കും ഉപകാരമില്ലെന്ന് ഹൈക്കോടതി; സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിന് ഡീന്‍ കുര്യാക്കോസിനും വിമര്‍ശനം

ഹര്‍ത്താലിനെതിരെ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. ഹര്‍ത്താല്‍കൊണ്ട് ആര്‍ക്കും ഉപകാരമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആര് ആഹ്വാനം ചെയ്തു എന്നല്ല, മിന്നല്‍ ഹര്‍ത്താല്‍ നടന്നു എന്നതാണ് വിഷയമെന്നും കോടതി ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ മിന്നല്‍ ഹര്‍ത്താലിനെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. എന്ത് പ്രകോപനമുണ്ടായാലും നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അനുവാദമില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസും കാസര്‍ഗോട്ടെ യുഡിഎഫ് നേതാക്കളും കോടതിയില്‍ ഹാജരായി.
Read more: ഹര്‍ത്താല്‍ ദിനത്തിലെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണം; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിന് ഡീന്‍ കുര്യാക്കോസിനേയും കോടതി വിമര്‍ശിച്ചു. ഡീന്‍ കുര്യാക്കോസിന്റെ സത്യവാങ്മൂലം എവിടെയെന്ന് ഹൈക്കോടതി ചോദിച്ചു. കാസര്‍ഗോഡ് ഡിസിസി ഭാരവാഹി കമറുദ്ദീന്റെ സത്യവാങ്മൂലം മാത്രമാണ് ബെഞ്ചിലെത്തിയത്. കോടതിയലക്ഷ്യ കേസില്‍ ഡീനിന്റെ സത്യവാങ്മൂലം ബെഞ്ചിലെത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനിടെ സത്യവാങ്മൂലം ഇന്നലെ സമര്‍പ്പിച്ചതായി ഡീനിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. കോടതിയലക്ഷ്യക്കേസില്‍ ഡീന്‍ കുര്യാക്കോസ്, കാസര്‍ഗോട്ടെ യുഡിഎഫ് നേതാക്കളായ ഗോവിന്ദന്‍ നായര്‍, കമറുദ്ദീന്‍ എന്നിവര്‍ മാര്‍ച്ച് അഞ്ചിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
യുഡിഎഫ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടില്ലെന്ന് കമറുദ്ദീന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരുടെ സംസ്‌കാര ചടങ്ങിലായിരുന്നു തങ്ങളെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി കോണ്‍ഗ്രസ് നേതാക്കളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസില്‍ വാദം പുരോഗമിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here