റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ്; പുനഃപരിശോധന ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ ഉത്തരവിനെതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിച്ചവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് തുറന്ന കോടതിയില്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ബാലാകോട്ടിലെ ജെയ്ഷെ മുഹമ്മദ് താവളങ്ങള്‍ക്ക് നേരെ വ്യോമസേന നടത്തിയ ആക്രമണവും, തുടര്‍ന്ന് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷവുമെല്ലാം റഫാലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയതിനിടെയാണ് വിഷയം സുപ്രിം കോടതിയുടെ പരിഗണനയിലേക്കെത്തുന്നത്. റഫാല്‍ ഇടപാടില്‍ ഇടപെടേണ്ടതില്ലെന്ന സുപ്രിം കോടതിയുടെ മുന്‍ ഉത്തരവില്‍ ഗുരുതര പിഴവുകളുണ്ടെന്നതാണ് പുനപ്പരിശോധന ഹര്‍ജിയില്‍ ഉള്ളത്. ബിജെപി വിമത നേതാക്കളായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയുമാണ് ഹര്‍ജി നല്‍കിയത്.
പ്രതിരോധക്കരാറുകള്‍ ജൂഡീഷ്യല്‍ പരിശോധനക്ക് വിധേയമാക്കുന്നതില്‍ പരിമിതിയുണ്ടെന്ന കാരണം പറഞ്ഞാണ് കഴിഞ്ഞ ഡിസംബറില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതി തള്ളിയത്. എന്നാല്‍ മുദ്ര വെച്ച കവറില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളെല്ലാം വ്യാജമാണെന്നും, ഇതു കൊണ്ടാണ് ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ചു എന്നതടക്കമുള്ള തെറ്റുകള്‍ വിധിയില്‍ കടന്ന് കൂടിയതെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.
തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഇവര്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം വിധിയിലെ തെറ്റുകള്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വ്യാകരണപ്പിശക് മൂലമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. ഈ തെറ്റുകള്‍ തിരുത്തുന്നതിന് സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജിയും കോടതിയുടെ പരിഗണനയില്‍ വന്നേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here