Advertisement

ഓര്‍മ്മകള്‍ക്കും, ദുരൂഹതകള്‍ക്കും മൂന്നാണ്ട്

March 6, 2019
Google News 1 minute Read
kalabhavan-mani

മലയാളസിനിമയുടെ മണി നാദം അവസാനിച്ചിട്ട് മൂന്ന് വര്‍ഷം. 2016മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചെന്ന് വാര്‍ത്ത ദുരൂഹതയുടെ പശ്ചാത്തലത്തില്‍ തന്നെ മലയാളി അറിയുന്നത്. മരണം സംഭവിച്ച് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും അതേ ദുരൂഹതയുടെ ഇരുളില്‍ തന്നെയാണ് ഈ മരണം. 2017മുതല്‍ ഈ കേസ് അന്വേഷിക്കുന്നത് സിബിഐയാണ്. എന്നാല്‍ കൊലപാതകത്തിലേക്ക് നയിക്കുന്ന ഒരു തെളിവുപോലും ലഭിച്ചിട്ടില്ല. മരണകാരണം എന്താണ് കൃത്യമായി തെളിയിക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ല.  മരണം ബാക്കിയാക്കിയ ദുരൂഹത മണിയുടെ ആരാധകരുടെ നെഞ്ചിലെ കരടാണിപ്പോഴും.

ReadAlso: കലാഭവന്‍ മണിയുടെ മരണം; നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സുഹൃത്തുക്കള്‍

ചാലക്കുടിയിലെ മണിയുടെ തന്നെ വിശ്രമ കേന്ദ്രമായ പാഡിയില്‍ നിന്നാണ് കലാഭവന്‍ മണിയെ അബോധാവസ്ഥയില്‍ കൊച്ചിയിലെ ആശുപത്രിയില്‍ എത്തിക്കുന്നത്. അന്ന് തന്നെ മരണം സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മണിയുടെ ആന്തരികാവയവങ്ങളില്‍ നിന്ന് വിഷാംശം ലഭിച്ചതോടെ മരണത്തില്‍ ദുരൂഹതയേറി. അതിന് പിന്നാലെ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ മരണം കൊലപാതകമാണെന്ന ആരോപണവുമായി രംഗത്ത് എത്തി.

സിബിഐ കേസ് എടുക്കുന്നത് അസ്വാഭാവിക മരണത്തിന്റെ പേരിലാണ്. മരണസമയത്ത് മണിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന നടന്‍ ജാഫര്‍ ഇടുക്കിയേയും, സാബുമോനെയും പോലീസ് പലതവണ ചോദ്യം ചെയ്തു. രാമകൃഷ്ണനും സാബുമോനും പലതവണ സോഷ്യല്‍ മാധ്യമങ്ങളില്‍ ഏറ്റുമുട്ടി. ഇവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന സിബിഐയുടെ ആവശ്യം സിജെഎം കോടതി ആഴ്ചകള്‍ക്ക് മുമ്പ് അംഗീകരിക്കുകയും ചെയ്തു. ഇതിന് തയ്യാറാണെന്ന് ജാഫര്‍ ഇടുക്കിയും സാബുമോനും അറിയിക്കുകയും ചെയ്തു. ഈ മാസം തന്നെ നുണ പരിശോധന നടക്കാനാണ് സാധ്യത.

ഈ  പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെങ്കില്‍ ഇത് സ്വാഭാവിക മരണമാണെന്ന് കാണിച്ച് സിബിഐ കേസ് അവസാനിപ്പിക്കാനും സാധ്യതയുണ്ട്.

മണിയുടെ ഓര്‍മകള്‍ക്കു മുമ്പില്‍ പ്രണാമം അര്‍പ്പിക്കാന്‍ ചാലക്കുടി നഗരസഭയും കലാഭവന്‍ മണി സ്മാരക ട്രസ്റ്റും അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഓര്‍മ്മദിനത്തിന്റെ ഭാഗമായി രണ്ട് ദിവസത്തെ അനുസ്മരണ പരിപാടികളാണ് നടക്കുന്നത്. ഇതിന് പിന്നാലെ മണിയുടെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ദീപശിഖാ പ്രയാണം ആരംഭിച്ചു. മിമിക്രി കലാകാരന്‍മാര്‍ക്കുള്ള കലാഭവന്‍ മണി പുരസ്ക്കാരം ഇന്നു വൈകിട്ട് സമ്മാനിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here