തെരഞ്ഞെടുപ്പ് ഒന്നിച്ച്; മഹാരാഷ്ട്ര, ഹരിയാന സര്‍ക്കാരുകള്‍ പിരിച്ചുവിട്ടേക്കുമെന്ന് സൂചന

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കൂടി നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി നിയമസഭകള്‍ വെള്ളിയാഴ്ച പിരിച്ചുവിട്ടേക്കുമെന്നാണ് വിവരം. ഇരു സംസ്ഥാനങ്ങളിലേയും നിയമസഭാ തെരഞ്ഞെടുപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ നേരത്തേ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭകള്‍ പിരിച്ചുവിടാന്‍ തീരുമാനമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷം നവംബര്‍ വരെയാണ് ഇരു സംസ്ഥാനങ്ങളിലേയും നിയമസഭകളുടെ കാലാവധി. ഏപ്രില്‍-മെയ് മാസത്തില്‍ ലോക്‌സഭാ തെരഞ്ഞടുപ്പ് നടക്കുന്നതിനാല്‍ രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും അതോടൊപ്പം നടത്താനാണ് ബിജെപി ആലോചിക്കുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകളും നടന്നു.
മനോഹര്‍ ലാല്‍ ഘട്ടര്‍ മുഖ്യമന്ത്രിയായ ഹരിയാനയിലും ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രിയായ മഹാരാഷ്ട്രയിലും ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടത്തിയാല്‍ പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്നും നേതാക്കള്‍ വിലയിരുത്തുന്നു.
മഹാരാഷ്ട്രയിലും ഹരിയാനയിലും തീരുമാനമാകുന്നതോടെ ഏഴ് സംസ്ഥാനങ്ങളിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്. ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കീം, അരുണാചല്‍പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവയാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here