റഫാല്‍; കോടതിയലക്ഷ്യ കേസില്‍ നിന്നും പിന്മാറണമെന്ന പ്രശാന്ത് ഭൂഷണിന്‍റെ ആവശ്യം ജസ്റ്റിസ് അരുണ്‍ മിശ്ര തള്ളി

റഫാല്‍ വിഷയത്തില്‍ കോടതിയലക്ഷ്യ കേസില്‍ നിന്നും പിന്മാറണമെന്ന പ്രശാന്ത് ഭൂഷണിന്‍റെ ആവശ്യം ജസ്റ്റിസ് അരുണ്‍ മിശ്ര തള്ളി. ജസ്റ്റിസ് അരുണ്‍ മിശ്രയാണ് കേസ് പരിഗണിക്കുന്നതെങ്കില്‍ പക്ഷപാതപരമായ നിലപാട് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രശാന്ത് ഭൂഷണിന്‍റെ അഭിഭാഷകനായ ദുഷ്യന്ത് ദാവെ വാദിച്ചു. കേസ് പരിഗണിക്കുന്ന ജഡ്ജയില്‍ നിന്ന് പക്ഷപാതപരമായ നിലപാട് ഉണ്ടെന്ന ആശങ്ക ആരോപണ വിധേയന്‍ പ്രകടിപ്പിച്ചാല്‍ ജഡ്ജി കേസില്‍ നിന്ന് പിന്മാറണം എന്നതാണ് ചട്ടമെന്നും ദാവെ വാദിച്ചു. പക്ഷെ ജസ്റ്റിസ് അരുണ്‍ മിശ്ര ഇത് അംഗീകരിച്ചില്ല.
അതേസമയം പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെടണമെന്ന താല്‍പര്യം തനിക്കില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഹാജരാകുന്ന അഭിഭാഷകന്‍ തന്നെ, കേസുമായി ബന്ധപ്പെട്ട് കോടതിക്കെതിരെ പരസ്യപ്രസ്താവന നടത്തുന്ന ശരിയാണോയെന്ന നിയമപ്രശ്നമാണ് തന്‍റെ ഹര്‍ജിക്ക് പിന്നിലെന്നും കെകെ വേണുഗോപാല്‍ വാദിച്ചു. ചെയ്ത തെറ്റ് പ്രശാന്ത് ഭൂഷണ്‍ സമ്മതിക്കുകയാണെങ്കില്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്നും എജി പറഞ്ഞു.
Read More: റഫാലിൽ മോദി സമാന്തര ചർച്ച നടത്തി; എന്തുകൊണ്ട് അന്വേഷണമില്ല ?’ മോദിക്കെതിരെ രാഹുൽ ഗാന്ധി
റഫാലില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഇന്നലെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു . റഫാലില്‍ ഉയര്‍ന്നിരിക്കുന്ന അഴിമതിയാരോപണം രാജ്യസുരക്ഷയുടെ മറവില്‍ മൂടിവെയ്ക്കാനാണോ കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് റഫാലില്‍ അറ്റോര്‍ണി ജനറലും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണും തമ്മില്‍ വാക്ക്‌പോരുണ്ടായിരുന്നു. പ്രതിരോധ രേഖകള്‍ക്ക് വിവാരാവകാശരേഖ ബാധകമല്ലെന്ന് എജി പറഞ്ഞു. രാജ്യസുരക്ഷ മുന്‍നിര്‍ത്തി രേഖകള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നും എജി ചൂണ്ടിക്കാട്ടി. അറ്റോര്‍ണി ജനറലിന്റെ പ്രസ്താവന ഹര്‍ജിക്കാരെ ഭീഷണിപ്പെടുത്താനാണെന്ന് പ്രശാന്ത് ഭൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
റഫാല്‍ കരാറുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയെന്ന് കേന്ദ്രസര്‍ക്കാര്‍ തുടക്കത്തില്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. റഫാല്‍ ഇടപാടിലെ രഹസ്യ രേഖകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ച ദ ഹിന്ദു പത്രത്തിന്റെ നടപടി ഔദ്യോഗിക രഹസ്യ നിയമപ്രകാരം കുറ്റകരമാണെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
അതേസമയം റഫാല്‍ വിഷയത്തില്‍ പുനപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാര്‍ച്ച് 14 ലേക്ക് മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here