Advertisement

അയോധ്യ മധ്യസ്ഥ ചര്‍ച്ചയ്ക്ക് സുപ്രീംകോടതി നിയോഗിച്ച ആ മൂന്ന് പേര്‍ ഇവരാണ്

March 8, 2019
Google News 1 minute Read

വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അയോധ്യ ഭൂമി തര്‍ക്ക വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് സമിതിയെ നിയോഗിച്ചിരിക്കുകയാണ് സുപ്രീംകോടതി. മൂന്നംഗ സമിതിയില്‍ മുന്‍ സുപ്രീംകോടതി ജഡ്ജി എഫ് എം ഖലീഫുല്ല, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു, ജീവനകലാ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരാണ് അംഗങ്ങള്‍. ഇതില്‍ രവിശങ്കറിന്റെ ഉദ്യമം സംബന്ധിച്ച് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. മൂന്നംഗ സമിതിയിലെ അംഗങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാം.

ജസ്റ്റിസ് എഫ് എം ഖലീഫുല്ല

ഫക്കീര്‍ മുഹമ്മദ് ഇബ്രാഹിം ഖലീഫുള്ള. അതാണ് എഫ് എം ഖലീഫുള്ളയുടെ മുഴുവന്‍ പേര്. 2016 ലാണ് ഖലീഫുള്ള സുപ്രീംകോടതി അഭിഭാഷകനായി എത്തുന്നത്. ഇതിന് മുന്‍പ് ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.

ജസ്റ്റിസ് എം ഫക്കീര്‍ മുഹമ്മദിന്റെ മകനായി തമിഴ്‌നാട്ടിലെ ശിവഗംഗയിലാണ് ഖലീഫുള്ളയുടെ ജനനം. 1975 ല്‍ തൊഴില്‍ നിയമം കേന്ദ്രീകരിച്ച് അദ്ദേഹം അഭിഭാഷകവൃത്തി ആരംഭിച്ചു. 2000 ല്‍ മദ്രാസ് ഹൈക്കോടതിയിലാണ് ജഡ്ജിയായി സേവനം ആരംഭിച്ചത്.

ശ്രീറാം പഞ്ചു

രാജ്യത്തെ ആദ്യത്തെ മീഡിയേഷന്‍ സെന്ററിന് തുടക്കമിട്ടത് മുതിര്‍ന്ന അഭിഭാഷകനായ ശ്രീറാം പിഞ്ചു. 2015ലായിരുന്നു അത്. മധ്യസ്ഥതയ്ക്കും നിര്‍ണ്ണയത്തിനും പ്രത്യേക ചേംബറുകള്‍ ഇദ്ദേഹം സ്ഥാപിച്ചു.

ഉപഭോക്തൃ സംരക്ഷണ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് രാജ്യത്ത് ഉപഭോക്തൃ വ്യവഹാരങ്ങളില്‍ മികവ് പുലര്‍ത്തിയ അഭിഭാഷകരില്‍ ഒരാളാണ് ശ്രീറാം പിഞ്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ അസമും നാഗലാന്‍ഡും ഉള്‍പ്പെടുന്ന ഭൂമി തര്‍ക്ക കേസില്‍ മധ്യസ്ഥനായി ശ്രീറാം പിഞ്ചുവിനെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. മുംബൈയിലെ പാഴ്‌സി സമുദായത്തിലെ പൊതു വ്യവഹാരങ്ങളിലും അദ്ദേഹം മധ്യസ്ഥത വഹിച്ചിട്ടുണ്ട്

ശ്രീ ശ്രീ രവിശങ്കര്‍

 

അദ്ധ്യാത്മികാചാര്യനും ജീവനകല എന്ന യോഗാഭ്യാസരീതിയുടെ ആചാര്യനുമാണ് ശ്രീ ശ്രീ രവിശങ്കര്‍. ശ്രീ ശ്രീ, ഗുരുജി തുടങ്ങിയ പേരുകളിലും ശ്രീ ശ്രീ രവിശങ്കര്‍ അറിയപ്പെടുന്നുണ്ട്.വ്യക്തിയിലെ മാനസിക പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതിനും, സമൂഹത്തിലെ അക്രമം, രോഗം. തിന്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടി സ്ഥാപിച്ചിട്ടുള്ള ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ സ്ഥാപകന്‍ കൂടിയാണ് രവിശങ്കര്‍.

അയോധ്യ പ്രശ്‌നത്തില്‍ മുസ്ലീം സമുദായം അവരുടെ അവകാശം ഉപേക്ഷിച്ച് മാതൃക കാണിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ സിറിയയിലെന്നപോലെ ഒരു ആഭ്യന്തരയുദ്ധമുണ്ടായേക്കാമെന്ന് രവിശങ്കര്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. സംഭവത്തില്‍ രവിശങ്കറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

നേരത്തേ അയോധ്യ തര്‍ക്ക വിഷയത്തില്‍ പരിഹാരത്തിനായി ശ്രീ ശ്രീ രവിശങ്കര്‍ മധ്യസ്ഥ ശ്രമം നടത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ജനിച്ച ശ്രീ ശ്രീ രവിശങ്കര്‍ നിലവില്‍ ബംഗളൂരുവിലാണ് താമസിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here