അണിയറയ്ക്ക് പിന്നില്‍ സ്ത്രീകള്‍ മാത്രം; വയലറ്റ്സ് ഒരുങ്ങുന്നു

violets

മലയാളത്തിൽ ആദ്യമായി മുഴുവൻ അണിയറ ജോലികളും സ്ത്രീകൾ കൈകാര്യം ചെയ്യുന്ന സിനിമ വരുന്നു.   ‘വയലറ്റ്സ്’ എന്നാണ് ചിത്രത്തിന്റെ പേര്. പ്രശസ്‌ത തിരക്കഥാകൃത്ത്‌ ടി ദാമോദരന്റെ കൊച്ചുമകളും തിരക്കഥാകൃത്ത് ദീദീ ദാമോദന്റെ മകളുമായ മുക്ത ദീദി ചന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പാപ്പാത്തി മൂവ്മെന്റ്സിന് വേണ്ടി ഫുൾമാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്.  ദീദീ ദാമോദരന്റേതാണ് രചന.

രഞ്ജിത്തിന്റെ ഗുൽമോഹർ, ജോൺ എബ്രഹാമിന്റെ ജീവിതത്തെ ആസ്‌പദമാക്കിയ ജോൺ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയത്‌ ദീദിയാണ്‌. മുക്തയുടെ പിതാവ്  പ്രേംചന്ദ്‌ ആണ്‌ ജോണിന്റെ സംവിധായകൻ. ജോണിന്റെ  ക്രിയേറ്റീവ് ഡയറക്ടറും മുക്തയാണ്.

മലയാളത്തില്‍ ആദ്യമായി ഫാത്തിമ റഫീഖ് ശേഖർ തീം മ്യൂസിക് തയ്യാറാക്കുന്ന ചിത്രമാണ് വയലറ്റ്സ്. പ്രശസ്‌ത നർത്തകി മല്ലിക സാരാഭായിയാണ് നൃത്ത സംവിധാനം. ദ്രുത പെൺ ബാന്റിന് നേതൃത്വം നൽകുന്ന ശിവപാർവ്വതി രവികുമാറാണ് സംഗീത സംവിധാനം. ബീനാപോൾ എഡിറ്റിങ്ങും ഫൗസിയ ഫാത്തിമ ഛായാഗ്രഹണവും നിര്‍വഹിക്കും. ഗാനരചന –വി എം ഗിരിജ , കലാസംവിധാനം– ദുന്ദു , വസ്ത്രാലങ്കാരം– ഡെബലീന ബേറ , മേക്ക് അപ്– അജ്ഞലി നായർ.


സീമ , സജിത മഠത്തിൽ , പ്രിയങ്ക , സരസ ബാലുശ്ശേരി , അർച്ചന പത്മിനി എന്നിവർക്കൊപ്പം രാമു , കൈലാഷ് , രഞ്ജിപണിക്കർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംവിധായകൻ ഹരിഹരൻ ആദ്യമായി ഒരു പ്രധാന കഥാപാത്രമായി വെള്ളിത്തിരയിലെത്തും.

മുക്തയുടെ ആദ്യ ഫീച്ചർ സിനിമാ സംരംഭമാണ് വയലറ്റ്സ്. കഴിഞ്ഞ തിരുവനന്തപുരം രാജ്യാന്തര ഹ്രസ്വ ചിത്ര ചലച്ചിത്രമേളയില്‍ പ്രദർശിപ്പിച്ച സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ സഹധർമ്മിണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സുനന്ദ , കോഴിക്കോട്ടെ വിജിയുടെ നേതൃത്വത്തിൽ നടന്ന ഇരിക്കൽ സമരത്തെക്കുറിച്ചെടുത്ത റൈസ് എന്നീ ഡോക്യുമെന്‍ററികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഹ്രസ്വചിത്രങ്ങളുടെ സംവിധായികയാണ് മുക്ത.

സുനന്ദ കൊൽക്കത്ത 2019 സൗത്ത് ഏഷ്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു

Top