ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളുടെ സര്‍വ്വീസ് ഇന്ത്യയിലും നിര്‍ത്തി

എത്യോപ്യയില്‍ തകര്‍ന്ന് വീണ ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളുടെ സര്‍വ്വീസ് ഇന്ത്യയിലും നിര്‍ത്തിവെക്കാന്‍ കേന്ദ്ര വ്യോമായന മന്ത്രാലയത്തിന്റെ ഉത്തരവ്. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തവെക്കണമെന്നാണ് മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്.

വിമാനത്തിന്റെ ഘടനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്താനാണ് തീരുമാനമെന്ന് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

അഞ്ച് മാസത്തിനിടെ രണ്ട് വിമാനദുരന്തങ്ങളാണ് ഉണ്ടായത്. എത്യോപ്യയില്‍ ബോയിങ് 737 മാക്‌സ്-എട്ട് വിമാനം തകര്‍ന്നുവീണ് 157 പേര്‍ മരിച്ചതോടെയാണ് വിമാനത്തിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നത്. ഒക്ടോബറില്‍ ഇന്തോനേഷ്യയില്‍ തകര്‍ന്ന് വീണ ലയണ്‍ എയര്‍ഫ്‌ളൈറ്റ് 610 ഉം ബോയിങ് 737 മാക്‌സ് 8 വിമാനമായിരുന്നു. രണ്ട് വിമാനങ്ങളും തകര്‍ന്ന് വീണത് ടേക്ക് ഓഫ് ചെയ്ത ഉടനെയായിരുന്നു.

രണ്ട് ദുരന്തങ്ങളിലും ഉള്‍പ്പെട്ട വിമാനങ്ങള്‍ സര്‍വീസില്‍ നിന്നും പിന്‍വലിക്കാന്‍ ഇന്നലെ ചൈനയും എത്യോപ്യയും തീരുമാനിച്ചിരുന്നു. സിങ്കപ്പൂര്‍, ചൈന, ഇന്‍ഡൊനീഷ്യ, ദക്ഷിണകൊറിയ, മംഗോളിയ, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും വിമാനം ഉപേക്ഷിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top