കെവിൻ വധക്കേസ്; കുറ്റപത്രം കോടതി അംഗീകരിച്ചു

കെവിൻ വധക്കേസിൽ കുറ്റപത്രം കോടതി അംഗീകരിച്ചു. കൊലപാതകം ഗൂഢാലോചന എന്നീ വകുപ്പുകൾ ഉൾപ്പെടെ പ്രോസിക്യൂഷന്റെ വാദങ്ങളാണ് കുറ്റപത്രത്തിൽ ഉള്ളത്. പത്ത് വകുപ്പുകളാണ് പ്രതികൾക്കു മേൽ ചുമത്തിയത്. കേസ് മാർച്ച് 20ലേക്ക് മാറ്റി. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി 4 ആണ് കേസ് പരിഗണിക്കുന്നത്.

കുറ്റപത്രത്തിൻമേലുള്ള പ്രാഥമിക വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താൻ സാഹചര്യ തെളിവുകൾ മാത്രം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചിരുന്നു. കെവിൻ മുങ്ങി മരിച്ചതാണെ പോസ്റ്റുമോർട്ടം റിപ്പോർട്ടും, മൃതദേഹം കണ്ടെത്തിയ പുഴയുടെ സമീപം വെച്ച് കെവിൻ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയതായുള്ള ബന്ധു അനീഷിന്റെ മൊഴിയും പ്രതിഭാഗം അഭിഭാഷകൻ നിരത്തി. ഈ വാദത്തെ പൂർണ്ണമായും തളളിയ പ്രോസിക്യൂഷൻ കെവിനെ കൊലപ്പെടുത്തിയതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്ന് വ്യക്തമാക്കി.

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിൻ ജോസഫിനെ വധുവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്നതാണ് കേസ്. കഴിഞ്ഞ വർഷം മെയ് ഇരുപത്തിയേഴിനാണ് കെവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

Read Also : കെവിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകം, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍

2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാർത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്‍റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. രജിസ്റ്റർ വിവാഹത്തിന്‍റെ രേഖകൾ പൊലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോകാനാണ് നീനുവിനോട് പൊലീസ് നിർദ്ദേശിച്ചത്. അതിന് വിസമ്മതിച്ചതോടെ ബലംപ്രയോഗിച്ച് നീനുവിനെ അവിടെ നിന്ന് കൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചു. ബഹളം കേട്ട് ആളുകൾ കൂടിയതോടെ വീട്ടുകാർ പിൻവാങ്ങി.

പിന്നീട് മെയ് 27-ന് നീനുവിന്‍റെ സഹോദരൻ ഷാനുവിന്‍റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. മെയ് 28-ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തി. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ 186 സാക്ഷികളും 180 രേഖകളുമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top