ഡല്‍ഹി ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച; ആറാം വിക്കറ്റും നഷ്ടമായി

ഓസീസിനെതിരായ അവസാന ഏകദിന മത്സരത്തില്‍ 273 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. മത്സരം 29 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യയ്ക്ക് ആറ്  വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞു. ഇന്ത്യ 29 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 132 എന്ന നിലയിലാണ്. രോഹിത് ശര്‍മ്മ (56), ശിഖര്‍ ധവാന്‍ (12), വിരാട് കോഹ്‌ലി (20), ഋഷഭ് പന്ത് (16), വിജയ് ശങ്കര്‍ (16), രവീന്ദ്ര ജഡേജ (0) എന്നിവരെയാണ്  നഷ്ടമായത്.

ഇന്ത്യയുടെ സ്‌കോര്‍ 15 ല്‍ നില്‍ക്കെ ശിഖര്‍ ധവാന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. തുടര്‍ന്ന് ഓസീസ് ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. 3 വിക്കറ്റുകള്‍ പിഴുത ആദം സാമ്പയാണ് കൊടുങ്കാറ്റായത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 272 റണ്‍സെടുത്തത്. ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയുടെ സെഞ്ച്വറിയാണ് (100) ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. 106 പന്തില്‍ നിന്നും 10 ബൗണ്ടറിയും 2 സിക്‌സും ഉള്‍പ്പെടെയാണ് ഖ്വാജ സെഞ്ച്വറി തികച്ചത്. പരമ്പരയില്‍ ഖ്വാജയുടെ രണ്ടാം സെഞ്ച്വറിയാണിത്. സെഞ്ച്വറി പിന്നിട്ടയുടനെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ കോഹ്‌ലിക്ക് ക്യാച്ച് നല്‍കി ഖ്വാജ മടങ്ങിയത് ഓസീസ് സ്‌കോറിങ്ങിന്റെ വേഗത കുറച്ചു. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെ (52) ബാറ്റിങും ഓസീസിന് തുണയായി. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ (27) വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാര്‍ 3 വിക്കറ്റും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ 2 വീതം വിക്കറ്റും വീഴ്ത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top