സെഞ്ച്വറിയടിച്ച് ഖ്വാജ; ഓസീസിനെതിരെ ഇന്ത്യക്ക് 273 റണ്‍സ് വിജയലക്ഷ്യം

ഓസീസിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് 273 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 272 റണ്‍സെടുത്തത്. ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയുടെ സെഞ്ച്വറിയാണ് (100) ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. 106 പന്തില്‍ നിന്നും 10 ബൗണ്ടറിയും 2 സിക്‌സും ഉള്‍പ്പെടെയാണ് ഖ്വാജ സെഞ്ച്വറി തികച്ചത്. പരമ്പരയില്‍ ഖ്വാജയുടെ രണ്ടാം സെഞ്ച്വറിയാണിത്.

സെഞ്ച്വറി പിന്നിട്ടയുടനെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ കോഹ്‌ലിക്ക് ക്യാച്ച് നല്‍കി ഖ്വാജ മടങ്ങിയത് ഓസീസ് സ്‌കോറിങ്ങിന്റെ വേഗത കുറച്ചു. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെ (52) ബാറ്റിങും ഓസീസിന് തുണയായി. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ (27) വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ഓസീസ് സ്‌കോര്‍ 76 ല്‍ നില്‍ക്കെയാണ് ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റ് നഷ്ടമായത്. 27 റണ്‍സെടുത്ത ഫിഞ്ചിനെ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കി മടക്കിയയക്കുകയായിരുന്നു.  ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാര്‍ 3 വിക്കറ്റും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ 2 വീതം വിക്കറ്റും വീഴ്ത്തി.

രണ്ട് വീതം മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്ന് കളിക്കാനിറങ്ങിയിരിക്കുന്നത്. യുസ്‌വേന്ദ്ര ചാഹലിനും കെ എല്‍ രാഹുലിനും പകരമായി രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയുമാണ് ടീമില്‍ തിരിച്ചെത്തിയിരിക്കുന്നത്. കിവീസ് നിരയില്‍ ഷോണ്‍ മാര്‍ഷിന് പകരം മാര്‍കസ് സ്റ്റോയിന്‍സും ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫിന് പകരമായി നഥാന്‍ ലിയോണുമാണ് കളിക്കാനിറങ്ങിയിരിക്കുന്നത്. അഞ്ചു മത്സരങ്ങടങ്ങുന്ന പരമ്പരയില്‍ ഇരുടീമുകളും 2-2 ന് നില്‍ക്കുന്നതിനാല്‍ ഇന്നത്തെ മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള അവസാന പരമ്പരയായതിനാല്‍ തന്നെ ഇരുടീമുകള്‍ക്കും ഇന്നത്തെ വിജയം നിര്‍ണായകമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top