ഇടത് സ്ഥാനാർത്ഥി പിവി അന്‍വറുമായി കോൺഗ്രസ് നേതാവ് ചർച്ച നടത്തിയെന്ന് ആരോപിച്ച് മുസ്‌ലിം ലീഗ് പ്രവർത്തകരുടെ പ്രതിഷേധം

പൊന്നാനി മണ്ഡലം ഇടത് സ്ഥാനാർത്ഥി പി.വി. അന്‍വറുമായി കോൺഗ്രസ് നേതാവ് ചർച്ച നടത്തിയെന്ന് ആരോപിച്ച് മുസ്‌ലിം ലീഗ് പ്രവർത്തകരുടെ പ്രതിഷേധം. കെപിസിസി അംഗം എം.എൻ. കുഞ്ഞഹമ്മദ് ഹാജിയുടെ കാർ വഴിയിൽ തടഞ്ഞാണ് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചത്. സംഭവത്തിൽ ഡിസിസി പ്രസിഡന്റ് വിശദീകരണം തേടി.

പൊന്നാനി മണ്ഡലത്തിൽ നിലനിന്നിരുന്ന ലീഗ് കോണ്ഗ്രസ് തർക്കം പരിഹരിച്ചുവെന്ന നേതാക്കളുടെ പ്രസ്താവന വന്നതിന് തൊട്ട് പിന്നാലെയാണ് സംഭവം. കെപിസിസി അംഗവും തിരൂരങ്ങാടി യുഡിഎഫ്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ എം.എൻ. കുഞ്ഞഹമ്മദ് ഹാജിയുടെ കാർ വഴിയിൽ തടഞ്ഞാണ് മുസ്‌ലിം ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊന്നാനി ലോക്സഭാമണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി പി.വി. അൻവറുമായി രഹസ്യചർച്ച നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

Read Also : ലോക്‌സഭാ തെരഞ്ഞെടുപ്പ്; പൊന്നാനിയില്‍ പി വി അന്‍വര്‍ സ്ഥാനാര്‍ത്ഥിയായേക്കും

പൊന്നാനി മണ്ഡലത്തിൽ പെട്ട വെന്നിയൂരിൽ വെച്ചായിരുന്നു സംഭവം. സുഹൃത്തിന്‍റെ വീട്ടിലെത്തിയപ്പോൾ അവിടേക്ക് പി.വി. അൻവർ അവിചാരിതമായി എത്തുകയായിരുന്നുവെനന്നും അന്‍വറുമായി ഒരു രഹസ്യ ചര്‍ച്ചയും നടത്തിയില്ലെന്നും എംഎൻ കുഞ്ഞഹമ്മദ് ഹാജി പറയുന്നു. എന്നാൽ സംഭവത്തിൽ ഡിസിസി പ്രസിഡന്റ് വിവി പ്രകാശ്‌ വിശദീകരണം തേടി. മുൻ കോൺഗ്രസ് നേതാവായ അൻവർ പൊന്നാനിയിൽ സ്ഥാനാർഥിയായതോടെ കോൺഗ്രസ് വോട്ടുകൾ ഭിന്നിക്കുമെന്ന ഭയത്തിലാണ് യൂഡിഎഫ് നേതൃത്വം. മുൻപ് യുഡിഎഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിനെ മാറ്റണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് ഇവിടെ രംഗത്ത് വന്നത് വിവാദമാകുകയും പിന്നീട് തിരുത്തുകയും ചെയ്തിരുന്നു. എന്നാൽ തുടർന്ന്കൊണ്ടിരിക്കുന്ന ലീഗ് കോണ്ഗ്രസ് തർക്കങ്ങൾ മണ്ഡലത്തിൽ നേതൃത്വത്തിന് തലവേദനയാവുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top