ബലാകോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലെ നിരവധി മൃതദേഹങ്ങൾ മാറ്റിയതായി പാക് ആക്ടിവിസ്റ്റിന്റെ വെളിപ്പെടുത്തൽ

ബലാകോട്ടിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ നിരവധി മൃതദേഹങ്ങൾ അവിടെ നിന്നും മാറ്റിയതായി പാക് ആക്ടിവിസ്റ്റിന്റെ വെളിപ്പെടുത്തൽ. പാക് അധീന കശ്മീരിലെ ​ഗിൽജിത് സ്വദേശിയായ സെൻജെ ഹസ്നാൻ സെറിങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

മൃതദേഹങ്ങൾ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലേക്ക് മാറ്റിയതായാണ് സെൻജെ ഹസ്നാൻ പറയുന്നത്.
ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ 200 ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറയുന്നു. ഇത് സംബന്ധിച്ച് ഉറുദു പത്രത്തിൽ വാർത്ത വന്നിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങളെ പാകിസ്താന്‍ സൈനികോദ്യോഗസ്ഥന്‍ ആശ്വസിപ്പിക്കുന്ന വീഡിയോയും സെൻജെ ട്വീറ്റ് ചെയ്തു. ഭീകരര്‍ക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകുമെന്നും അവര്‍ ശത്രുക്കളോട് പോരാടാന്‍ പാക് സര്‍ക്കാരിനെ സഹായിച്ചവരാണെന്നും സൈനികോദ്യോഗസ്ഥന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

അതേസമയം, വീഡിയോയുടെ ആധികാരികതയെ സംബന്ധിച്ച് കൃത്യതയില്ലെന്ന് സെൻജെ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

Loading...
Top