മന്ത്രിസഭയുടെ അംഗീകാരമില്ലാതെ ഹോര്‍ട്ടികോര്‍പ്പ് മാനേജിങ് ഡയറക്ടറുടെ നിയമനം; വിവാദം

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് സ്വന്തക്കാര്‍ക്ക് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി നിയമനങ്ങള്‍. മന്ത്രിസഭയുടെ അംഗീകാരം തേടാതെ കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറെ ഹോര്‍ട്ടികോര്‍പ്പ് മാനേജിങ് ഡയറക്ടറായി നിയമിച്ചു. സിപിഐഎം നേതാവ് ടി എന്‍ സീമയുടെ ഭര്‍ത്താവിന് സേവന കാലാവധി നീട്ടി നല്‍കിയതും ചട്ടങ്ങള്‍ മറികടന്നാണ്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നു പ്രതീക്ഷിച്ച സംസ്ഥാന സര്‍ക്കാര്‍ വേണ്ടപ്പെട്ടവരെ കയ്യയച്ച് സഹായിച്ചു. സേവന കാലാവയി നീട്ടി നല്‍കാനും പുനര്‍നിയമനത്തിനും മന്ത്രിസഭയുടെ അനുമതി നിര്‍ബന്ധമാണെന്ന് റൂള്‍സ് ഓഫ് ബിസിനസില്‍ ഉണ്ട്. എന്നാല്‍ വേണ്ടപ്പെട്ടവര്‍ക്ക് ഇതൊന്നും ബാധകമല്ല. മന്ത്രിസഭായോഗത്തിന്റെ അനുമതിയില്ലാതെയാണ് അടുത്തിടെ രണ്ടു നിയമനങ്ങള്‍ സര്‍ക്കാര്‍ നടത്തിയത്. കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സജീവിനെ ഹോര്‍ട്ടികോര്‍പ് എംഡിയായി നിയമിച്ചു. ജൂലൈയില്‍ വിരമിക്കാനിരുന്ന സജീവിന് ഒരു വര്‍ഷം സേവന കാലാവധി നീട്ടി നല്‍കിയാണ് നിയമനം. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മന്ത്രിസഭാ യോഗത്തിന് പരിഗണിക്കാന്‍ കഴിയില്ലന്ന് കണക്കിലെടുത്താണ് വഴിവിട്ട നിയമനം.

സിപിഐഎം നേതാവ് ടി എന്‍ സീമയുടെ ഭര്‍ത്താവ് ജയരാജന് സിഡിറ്റില്‍ രജിസ്ട്രാര്‍ പദ്ധതിയില്‍ കാലാവധി നീട്ടിനല്‍കിയതും ചട്ടം മറികടന്നാണ്. വഴിവിട്ട നിയമനങ്ങള്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top