പ്രചാരണം ആരംഭിക്കാൻ മാണി നിർദ്ദേശം നൽകിയിട്ടും പരസ്യമായി കളത്തിലിറങ്ങാതെ തോമസ് ചാഴികാടൻ

സ്ഥാനാർത്ഥി പ്രഖ്യാപന വിവാദത്തിനിടെ പ്രചാരണം ആരംഭിക്കാൻ മാണി നിർദ്ദേശം നൽകിയിട്ടും പരസ്യമായി കളത്തിലിറങ്ങാതെ തോമസ് ചാഴികാടൻ. എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ വോട്ടു തേടൽ ഊർജിതമാക്കിയിട്ടും യു.ഡി എഫിന്റെ പ്രചാരണം ചുവരെഴുത്തുകളിൽ ഒതുങ്ങി. ജോസഫ് വിഭാഗത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് വ്യക്തമാക്കുമ്പോഴും ആത്മവിശ്വാസക്കുറവാണ് മാണി ക്യാമ്പിൽ പ്രകടമാകുന്നത്

എൽഡിഎഫ് സ്ഥാനാർത്ഥി വി എൻ വാസവന് ഈസി വാക്ക്ഓവർ നൽകാനാണ് തോമസ് ചാഴികാടനെ സ്ഥാനാർത്ഥിയാക്കിയത് എന്നാണ് ജോസഫ് വിഭാഗത്തിന്റെ ആരോപണം. കോട്ടയത്ത് യു ഡി എഫിന്റെ പരാജയം ഏറെക്കുറേ ഉറപ്പാണെന്ന മട്ടിൽ പി.ജെ ജോസഫ് തന്നെ തുറന്നടിച്ചു. പ്രഖ്യപിച്ച സ്ഥാനാർത്ഥിയെ ഏതു സാഹചര്യത്തിലും മാറ്റില്ലെന്നറിയിച്ച് നിലപാട് കടുപ്പിച്ചെങ്കിലും, വിവാദങ്ങളിൽ മാണി വിഭാഗത്തിന്റെ പരുങ്ങൽ ചെറുതല്ല. പ്രചാരണം ആരംഭിക്കാൻ കെ.എം മാണിയുടെ ആശിർവാദം വാങ്ങിയിട്ടും തോമസ് ചാഴികാടൻ കളത്തിലിറങ്ങി വോട്ടു തേടിയിട്ടില്ല. നഗരത്തിൽ ഒന്നുരണ്ടിടത്ത് ചുവരെഴുത്തുകൾ ആരംഭിച്ചതു മാത്രമാണ് ആദ്യ രണ്ടു ദിനത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനം. വി.എൻ വാസവന്റെ പേര് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ചുവരെഴുത്തും ഫ്‌ലക്‌സ് ബോർഡുകളും ജില്ല മുഴുവൻ എത്തിയിരുന്നു.

Read Also : തോമസ് ചാഴികാടൻ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി

കൺവെൻഷനും നടത്തി എൽ ഡി എഫ് പ്രചാരണം ശക്തമാക്കി. ഔദ്യോഗിക പ്രഖ്യാപനം വരാത്തതിനാൽ ചുവരെഴുത്തോ പോസ്റ്ററുകളോ വന്നില്ലെങ്കിലും എൻ ഡി എ സ്ഥാനാർത്ഥി പി.സി തോമസും വോട്ടു തേടൽ ആരംഭിച്ചു. യു.ഡി.എഫ് നേതാക്കളുമായി പി.ജെ ജോസഫ് നടത്തിയ ചർച്ചകളെ ഗൗനിക്കുന്നില്ല എന്ന് പറയുമ്പോഴും മാണി ഗ്രൂപ്പിൽ ആശങ്കകൾ രൂപപ്പെട്ടെന്നാണ് സൂചന. ഉമ്മൻ ചാണ്ടി കോട്ടയത്ത് മത്സരിച്ചാൽ ഒത്തുതീർപ്പിന് തയ്യാറെന്ന ഉപാധിയാണ് പി.ജെ നേതാക്കൾക്ക് മുന്നിൽ വച്ചത്. ഇതുണ്ടായാൽ കോട്ടയം സീറ്റ് ഇടുക്കിയുമായി വെച്ചു മാറേണ്ടി വന്നേക്കും. പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റില്ലെന്ന് മാണി ഗ്രൂപ്പ് നേതൃത്വം ഉറപ്പിച്ചു പറയുമ്പോഴും തോമസ് ചാഴികാടൻ പരസ്യ പ്രചാരണം ആരംഭിക്കാത്തത് പ്രവർത്തകരെയും ആശയക്കുഴപ്പത്തിലാക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top