കെഎസ്ആര്‍ടിസി ബസുകളിലെ സര്‍ക്കാര്‍ പരസ്യം ഇന്ന് ഉച്ചക്ക് മുന്‍പ് നീക്കം ചെയ്യാന്‍ ഉത്തരവ്

കെഎസ്ആര്‍ടിസി ബസുകളിലെ സര്‍ക്കാര്‍ പരസ്യം നീക്കാന്‍ ഉത്തരവ്. ഇന്ന് ഉച്ചക്ക് 2 ന് മുന്‍പ് നീക്കം ചെയ്യണമെന്ന് കെഎസ്ആര്‍ടിസി എംഡിയാണ് ഉത്തരവിട്ടത്. കെഎസ്ആര്‍ടിസി ബസുകളിലെയും സര്‍ക്കാര്‍ സൈറ്റുകളിലേയും പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസി ബസുകളിലെ പരസ്യം നീക്കം ചെയ്യാന്‍ എംഡി ഉത്തരവിറക്കിയിരിക്കുന്നത്.
Read more: കെഎസ്ആര്‍ടിസി ബസുകളിലെയടക്കം സര്‍ക്കാര്‍ പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യാന്‍ നിര്‍ദേശം
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അനുസരിച്ചാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയിരുന്നു. കെഎസ്ആര്‍ടിസി ബസുകളില്‍ സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ സംബന്ധിച്ച് നല്‍കിയിട്ടുളള പരസ്യങ്ങളാണ് നീക്കം ചെയ്യേണ്ടത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബസുകളിലും സര്‍ക്കാര്‍ സൈറ്റുകളിലും നല്‍കിയിരുന്ന പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശം വന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here