വഴി തെറ്റുന്ന ഹജ്ജ് ഉംറ തീർത്ഥാടകരെ കണ്ടെത്താൻ മക്കയിലും മദീനയിലും പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കുന്നു

വഴി തെറ്റുന്ന ഹജ്ജ് ഉംറ തീർത്ഥാടകരെ കണ്ടെത്താൻ മക്കയിലും മദീനയിലും പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ പദ്ധതി. ഇതിനായി ജോയിന്റ് സ്റ്റോക്ക് കമ്പനി രൂപീകരിക്കും. ഇതോടെ വഴി തെറ്റുന്ന തീർത്ഥാടകർ താമസ സ്ഥലത്ത് എത്താൻ വൈകുന്ന സാഹചര്യം ഒരു പരിധിവരെ ഇല്ലാതാകും എന്നാണ് പ്രതീക്ഷ.
ദേശീയ ഹജ്ജ് ഉംറ കമ്മിറ്റിയാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയത്. മക്കയിലും മദീനയിലും തീർഥാടകർ വഴി തെറ്റുകയും താമസ സ്ഥലങ്ങളിൽ എത്താൻ വൈകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. വഴി തെറ്റുന്നവരെ സഹായിക്കാൻ മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളുടെ നാല് ഭാഗത്തും പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കും. ഈ കേന്ദ്രങ്ങളിൽ ഇരുപത്തിനാല് മണിക്കൂറും ജീവനക്കാരുണ്ടാകും. പദ്ധതി നടപ്പിലാക്കുന്നതിനു ജോയിന്റ് സ്റ്റോക്ക് കമ്പനി സ്ഥാപിക്കുമെന്ന് ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി മേധാവി മുഹമ്മദ് അൽ ബാദി അറിയിച്ചു.
Read Also : ഹജ്ജ് ഉംറ സേവനം ചെയ്യാനായി സൗദിയില്‍ പ്രത്യേക ഡിപ്ലോമ കോഴ്സ് ആരംഭിച്ചു
ഹജ്ജ് ഉംറ മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ബൈജാവിയുമായി കമ്മിറ്റി ഇതുസംബന്ധിച്ച് ചർച്ച നടത്തി. ഇരു ഹറം പള്ളികളുടെ വിശാലതയും തീർത്ഥാടകരുടെ തിരക്കും കാരണം വേണ്ടത്ര പരിചയമില്ലാത്ത തീർത്ഥാടകർക്ക് വഴി തെറ്റുക സ്വാഭാവികമാണ്. പള്ളിയിൽ നിന്നും താമസസ്ഥലത്ത് എത്താൻ അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ സഹായം ആവശ്യമാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെ ഇത്തരം സന്ദർഭങ്ങളിൽ സഹായിക്കാൻ ഹജ്ജ് മിഷനുകൾക്ക് കീഴിൽ സന്നദ്ധ സേവകർ രംഗത്ത് ഉണ്ടാകാറുണ്ട്. വഴി തെറ്റുന്ന തീർഥാടകർ താമസ സ്ഥലത്ത് എത്താൻ വൈകിയാൽ ബന്ധപ്പെട്ട സർവീസ് കമ്പനികൾക്ക് പിഴ ചുമത്തും. പുതിയ കേന്ദ്രങ്ങൾ വരുന്നതോടെ ഈ പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം ആകുമെന്നാണ് പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here