ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റപത്രം വൈകുന്നു; കന്യാസ്ത്രീകള്‍ കോട്ടയം എസ്പിക്ക് പരാതി നല്‍കി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ലൈംഗീക പീഡനക്കേസില്‍ കുറ്റപത്രം വൈകുന്നതില്‍ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ കോട്ടയം എസ്പിക്ക് പരാതി നല്‍കി. ഫ്രാങ്കോയുടെ അറസ്റ്റിന് ശേഷം അഞ്ച് മാസം പിന്നിട്ടിട്ടും കുറ്റപത്രം നല്‍കാത്തത് കേസിനെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കന്യാസ്ത്രീകള്‍ അറിയിച്ചു.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ജോസഫിന്‍, ആന്‍സിറ്റ, നീന റോസ്, ആല്‍ഫി എന്നിവരാണ് കോട്ടയം എസ്പിയെ കണ്ട് പരാതി നല്‍കിയത്. സാക്ഷികളായ കന്യാസ്ത്രീകള്‍ക്കുമേല്‍ സമ്മര്‍ദം ശക്തമാകുകയാണ് എന്നും കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇനിയും വൈകിയാല്‍ കേസ് ദുര്‍ബലപ്പെടും എന്നും കന്യാസ്ത്രീകള്‍ എസ്പിയെ അറിയിച്ചു. ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി സിസ്റ്റര്‍മാര്‍ പ്രതികരിച്ചു. കന്യാസ്ത്രീകളെ വീണ്ടും തെരുവിലേക്ക് ഇറക്കരുത് എന്നാണ് അപേക്ഷയെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21 നാണ് കോട്ടയം എസ്പിക്ക് ലഭിച്ച പരാതിയിന്മേല്‍ ജലന്ധര്‍ ബിഷപ്പ് ആയിരുന്ന ഫ്രാങ്കോ മുളക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ഉള്‍പ്പെടെ 25 ദിവസം ജയില്‍വാസം അനുഭവിച്ച ഫ്രാങ്കോ ഒക്ടോബര്‍ 16ന് ജാമ്യത്തിലിറങ്ങി. അറസ്റ്റിനുശേഷം അഞ്ചരമാസം പിന്നിട്ടിട്ടും കേസില്‍ കുറ്റപത്രം നല്‍കിയില്ല. പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് കന്യാസ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തിയത്. ഡിജിപിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ അറിയിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top