Advertisement

‘നിങ്ങളുടെ ഒരു ഓഫറും വേണ്ട, നാടകം എന്തിന്’; അനുനയിപ്പിക്കാനെത്തിയ രമേശ് ചെന്നിത്തലയോട് ക്ഷോഭിച്ച് കെ വി തോമസ്

March 17, 2019
Google News 1 minute Read

അനുനയിപ്പിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ക്ഷോഭിച്ച് കെ വി തോമസ് എം പി. ‘എന്തിനാണീ നാടകം’ എന്നാണ് കെ വി തോമസ് ചെന്നിത്തലയോട് ചോദിച്ചത്. നിങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ഒരു ഓഫറും വേണ്ടെന്നും കെ വി തോമസ് പറഞ്ഞതായി വിവരമുണ്ട്.

ഇന്ന് രാവിലെയാണ് കെ വി തോമസുമായി രമേശ് ചെന്നിത്തല ഡല്‍ഹിയിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ച 20 മിനിട്ടോളം നീണ്ടു. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ട രമേശ് ചെന്നിത്തല ചര്‍ച്ചയുടെ വിശദാശംങ്ങള്‍ പുറത്തുപറയാന്‍ തയ്യാറായില്ല. കെ വി തോമസ് സമുന്നതനായ നേതാവാണെന്നും അദ്ദേഹം പാര്‍ട്ടിക്ക് നല്‍കിയ സംഭാവനകള്‍ വലുതാണെന്നുമൊക്കെയുള്ള സാധാരണ പ്രതികരണങ്ങള്‍ മാത്രമാണ് രമേശ് ചെന്നിത്തല മാധ്യമങ്ങള്‍ക്ക് നല്‍കിയത്. അതില്‍ നിന്നും ചര്‍ച്ച പാളിയെന്ന സൂചനകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

Read more: കെ വി തോമസ് സമുന്നതനായ നേതാവ്; പാര്‍ട്ടി വിടില്ലെന്ന് രമേശ് ചെന്നിത്തല

കെ വി തോമസിനെ അനുനയിപ്പിച്ച് നാളെത്തന്നെ എറണാകുളത്ത് എത്തിക്കാനായിരുന്നു ചെന്നിത്തലയുടെ നീക്കം. അത്തരത്തിലൊരു നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുന്നോട്ടുവെച്ചതും. സംഘടനാനേതൃത്വത്തില്‍ സുപ്രധാനപദവി തന്നെ നല്‍കി കെ വി തോമസിനെ അനുനയിപ്പിക്കാനായിരുന്നു ദേശീയ നേതൃത്വം മുന്നോട്ടുവെച്ച നിര്‍ദ്ദേശം. എന്നാല്‍ അത്തരത്തിലുള്ള ഒരു അനുനയത്തിനും കെ വി തോമസ് വഴങ്ങിയില്ല. തല്‍ക്കാലം ഡല്‍ഹിയില്‍ തന്നെ തുടരാനാണ് കെ വി തോമസിന്റെ തീരുമാനം. എറണാകുളത്ത് വന്ന് ഹൈബി ഈഡന് വേണ്ടി പ്രചാരണം നടത്തില്ലെന്ന ഉറച്ച നിലപാടും അദ്ദേഹം സ്വീകരിച്ചതായാണ് വിവരം.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് കെ വി തോമസ് പരസ്യമായി രംഗത്തെത്തിയിരുന്നു. തന്നെ ഒഴിവാക്കിയത് ഒരു സൂചനയും നല്‍കാതെയാണെന്നും പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും കെവി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സീറ്റ് നഷ്ടപ്പെട്ടത്തില്‍ ദുഃഖമുണ്ട്. താന്‍ ആകാശത്ത് നിന്നും പൊട്ടിവീണതല്ലെന്നും പ്രായമായത് തന്റെ തെറ്റല്ലെന്നും കെവി തോമസ് പറഞ്ഞിരുന്നു.

Read moreകെവി തോമസ് ബിജെപിയിലേക്ക് ?

ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കെ വി തോമസ് വ്യക്തമായ മറുപടി നല്‍കാനും തയ്യാറായില്ല. ഇതേക്കുറിച്ച് ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉണ്ടായെങ്കിലും കെ വി തോമസ് ബിജെപിയിലേക്ക് പോകില്ല എന്ന് ഉറപ്പിച്ച് പറയാന്‍ തയ്യാറായില്ല. ജനങ്ങള്‍ക്കൊപ്പം നിന്ന് മുന്നോട്ടുപോകുമെന്ന് കെ വി തോമസ് ആവര്‍ത്തിച്ചു. അതിനിടെ കെ വി തോമസിനെ ബിജെപിയിലേക്ക് എത്തിക്കാനുള്ള ചരടുവലികളും ആരംഭിച്ചു. ബിജെപി കേന്ദ്ര നേതാക്കള്‍ കെ വി തോമസുമായി ഫോണില്‍ ബന്ധപ്പെട്ടു. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കാമെന്നുള്ള വാഗ്ദാനമാണ് ബിജെപി മുന്നോട്ടുവെയ്ക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here