വടകരയില്‍ വിദ്യാ ബാലകൃഷ്ണനെതിരെ പോസ്റ്ററുകള്‍

വടകര മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന വിദ്യാ ബാലകൃഷ്ണനെതിരെ സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകള്‍. വടകരയില്‍ അണികളുടെയും പ്രവര്‍ത്തകരുടെയും വികാരം മാനിച്ച് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നും വടകരയില്‍ വിദ്യാ ബാലകൃഷ്ണന്‍ വേണ്ടെന്നുമാണ് പോസ്റ്ററിലുള്ളത്.
ജയരാജന് ഒത്താശചെയ്യുന്ന കോണ്‍ഗ്രസ് നേതൃത്വം പുന:പരിശോധന നടത്തണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നുണ്ട്.
കുറ്റ്യാടിയിലാണ് ഇന്നു രാവിലെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വടകരയില്‍ പി ജയരാജനെ പോലെയുള്ള ശക്തനായ എതിരാളിയോട് മത്സരിക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയെ തന്നെ കോണ്‍ഗ്രസ് രംഗത്തിറക്കണമെന്ന നിലപാടിലാണ് വടകരയിലെ കോണ്‍ഗ്രസ് നേതൃത്വം. അതേ സമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്ന സാഹചര്യത്തില്‍ വടകരയില്‍ യുഡിഎഫ് ഇന്ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മാറ്റിവെച്ചിട്ടുണ്ട്.
Read Also: ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍? വടകരയില്‍ മത്സരിക്കാനില്ലെന്ന് ബിന്ദു കൃഷ്ണ
യൂത്ത് കോണ്‍ഗ്രസ് നേതാവ് വിദ്യാ ബാലകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ വ്യാപകമായ എതിര്‍പ്പ് വന്നതോടെ ഇവിടെ മറ്റൊരു സ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസ് നീക്കമാരംഭിച്ചിട്ടുണ്ട്. വടകരയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയോട് ആവശ്യപ്പെട്ടെങ്കിലും ബിന്ദു കൃഷ്ണ ഇതിന് തയ്യാറായില്ലെന്നാണ് വിവരം. വടകരയില്‍ സ്ഥാനാര്‍ത്ഥിയായി പ്രവീണ്‍ കുമാറിന്റെ പേരും ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്. വടകരയില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് ആര്‍എംപി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ രംഗത്തിറങ്ങണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം.
അതിനിടെ ഇന്ന് വൈകീട്ട് നടത്താനിരുന്ന വടകര ലോക്‌സഭാ മണ്ഡലം കണ്‍വെന്‍ഷന്‍ മാറ്റിവെച്ചത് പ്രവര്‍ത്തകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. അതേസമയം മണ്ഡലം കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാക്കി ഇടതു സ്ഥാനാര്‍ഥി പി ജയരാജന്‍ പ്രചരണരംഗത്ത് ബഹുദൂരം മുന്നിലാണ് . സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇനിയും വൈകിയാല്‍ വടകരയില്‍ പാര്‍ട്ടിയിലും യുഡിഎഫിലും വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here