ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കം; മന്ത്രിസഭാ ഉപസമിതി വിളിച്ച് ചേർത്ത ചർച്ചയിൽ നിന്നും വിട്ടുനിന്ന് ഓർത്തഡോക്‌സ് വിഭാഗം

ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കം പരിഹരിക്കാൻ മന്ത്രിസഭാ ഉപസമിതി വിളിച്ച് ചേർത്ത ചർച്ചയിൽ ഓർത്തഡോക്സ് വിഭാഗം പങ്കെടുത്തില്ല. ചർച്ചയിൽ പങ്കെടുക്കാനാവില്ലെന്ന് ഓർത്തഡോക്സ് വിഭാഗം അറിയച്ചതായി സമിതി അധ്യക്ഷൻ മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്നും യാക്കോബ സഭയുമായും, മലങ്കര സഭ സമാധാന സമിതിയുമായും മുൻ നിശ്ചയിച്ച പ്രകാരം ഉച്ചയ്ക്ക് ശേഷം ചർച്ച നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാരിന് എന്നും കീറാമുട്ടിയായ ഓർത്തഡോക്സ് യാക്കോബായ സഭാ തർക്കം തെരഞ്ഞെടുപ്പിന് മുമ്പ് രമ്യമായി പരിഹരിക്കാനാണ് ശ്രമം. എന്നാൽ ഓർത്തഡോക്സ് വിഭാഗത്തിന്റെ നിസഹകരണം സർക്കാർ നീക്കങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നു. തർക്ക പരിഹാരത്തിനായി മന്ത്രി സഭാ ഉപസമിതി വിളിച്ച ചർച്ചയിലും ഓർത്തഡോക്സ് വിഭാഗം പങ്കെടുത്തില്ല. സമിതി അംഗങ്ങളായ മന്ത്രിമാർ, ഇ.പി ജയരാജൻ, ഇ.ചന്ദ്രശേഖരൻ,കെ കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ എത്തിയെങ്കിലും അനുവദിച്ച സമയത്ത് ഓർത്തഡോക്സ് വിഭാഗം വരാത്തതിനെ തുടർന്ന് മന്ത്രിമാർ തിരികെ പോയി.

Read Also : ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള പള്ളി തർക്കം; ഹൈക്കോടതി വിധി ഇന്ന്

സുപ്രീംകോടതി തീര്‍പ്പാക്കിയ വിഷയത്തില്‍ സമവായ ചര്‍ച്ചയ്ക്ക് സര്‍ക്കാരിന് എന്തവകാശമെന്ന് ഓര്‍ത്തഡോക്‌സ് സഭ ചോദിക്കുന്നു.

അതുകൊണ്ട് തന്നെ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ഓർത്തഡോക്സഭ രേഖാമൂലം ഉപസമിതിയെ അറിയിച്ചിരുന്നു. അതേ സമയം സര്‍ക്കാരിന്റെ സമവായ ശ്രമങ്ങളുമായി സഹകരിക്കുമെന്നു യാക്കോബായ സഭ വ്യക്തമാക്കിയിട്ടുണ്ട്. യാക്കോബ സഭയുമായും, മലങ്കര സഭ സമാധാന സമിതിയുമായും മുൻ നിശ്ചയിച്ച പ്രകാരം ഉച്ചയ്ക്ക് ശേഷം ചർച്ച നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top