സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ 25 നേതാക്കൾ ബിജെപി വിട്ടു

സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ 25 നേതാക്കൾ ബിജെപി വിട്ടു. അരുണാചൽ പ്രദേശിലാണ് ബിജെപി ഞെട്ടിച്ചുകൊണ്ട് 25 നേതാക്കൾ പാർട്ടി വിട്ടത്. ത്രിപുരയിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നേതാക്കൾ മുന്നണി വിട്ടത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സുരക്ഷിതമാക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചാണ് നേതാക്കൾ കൊഴിഞ്ഞുപോകുന്നത്.
അരുണാചൽ പ്രദേശിൽ രണ്ട് മന്ത്രിമാരും ആറ് എംഎൽഎമാരും ബിജെപി വിട്ട് നാഷണൽ പീപ്പിൾസ് പാർട്ടിയിൽ ചേർന്നു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാഗ്മയുടെ നേതൃത്വത്തിലുളള പാർട്ടിയാണ് നാഷണൽ പീപ്പിൾസ് പാർട്ടി. തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതാണ് പാർട്ടി വിടാൻ ഇവരെ പ്രേരിപ്പിച്ചത്.
Read Also : ത്രിപുരയില്‍ ബിജെപി ഉപാധ്യക്ഷന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
പാർട്ടിയുടെ ജനറൽ സെക്രട്ടറിയായ ജാർപൂം ഗാമ്ലിൻ, ആഭ്യന്തര മന്ത്രി കുമാർ വാലി, ടൂറിസം മന്ത്രി ജാർകർ ഗാമ്ലിൻ ഉൾപ്പെടെ നിരവധി ബിജെപി നേതാക്കൾക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണം. കഴിഞ്ഞ ദിവസം 60 നിയമസഭ മണ്ഡലങ്ങളിൽ 54 ഇടത്തേക്കുളള സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു.
ഇതിന് പുറമേ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിലെ ഒരു നിയമസഭാംഗവും 19 ബിജെപി നേതാക്കളും എൻപിപിയിൽ ചേർന്നു. ബജെപിയുമായി സഖ്യം ചേർന്ന് മേഘാലയ ഭരിക്കുന്ന ഭരണകക്ഷിയാണ് നാഷണൽ പീപ്പീൾസ് പാർട്ടി. നാഷണൽ പീപ്പീൾസ് പാർട്ടി 40 ഇടത്ത് സ്ഥാനാർത്ഥികളെ നിർത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here