വയനാട്ടില്‍ ബാങ്കിന്റെ ജപ്തി നടപടി;ജപ്തി ചെയ്ത വീടിന്റെ പൂട്ട് ഹരിതസേന പൊളിച്ചു

വയനാട്ടില്‍ സര്‍ഫാസി ആക്ട് പ്രകാരം ബാങ്കിന്റെ ജപ്തി നടപടി. അഞ്ചുകുന്ന് സ്വദേശി പ്രമോദിന്റെ വീടും സ്ഥലവുമാണ് ബാങ്ക് ഓഫ് ഇന്ത്യ ജപ്തി ചെയ്തത്. എന്നാല്‍ ബാങ്ക് സീല്‍ ചെയ്ത വീടിന്റെ പൂട്ട്  പീന്നീട്‌ ഹരിത സേന പ്രവര്‍ത്തകരെത്തി പൊളിച്ചു. അഞ്ചുകുന്ന് സ്വദേശി പ്രമോദ് ചെറുകിട വ്യവസായം തുടങ്ങാന്‍ 2015 ലാണ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 15 ലക്ഷം രൂപ വായ്പ എടുത്തത്.2017 ആകുമ്പോഴേക്കും അഞ്ച് ലക്ഷം രൂപ തിരിച്ചടച്ചതായി പ്രമോദ് പറയുന്നു.

എന്നാല്‍ പിന്നീട് തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് നിയമ നടപടി തുടങ്ങുകയായിരുന്നു.കല്‍പ്പറ്റ സിജെഎം കോടതിയുടെ ഉത്തരവു പ്രകാരം ഇന്നു രാവിലെ അഭിഭാഷക കമ്മീഷനും ബാങ്ക് അധികൃതരും ചേര്‍ന്ന് വീട് ജപ്തി ചെയ്ത് സീല്‍ ചെയ്യുകയായിരുന്നു. തന്നെ അറിയിക്കാതെയായിരുന്നു ജപ്തി എന്ന് പ്രമോദ് പറഞ്ഞു. ജപ്തി നടപടികള്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചാണ് ബാങ്ക് നടപടി എന്നാരോപിച്ച് ഹരിത സേന പ്രവര്‍ത്തകര്‍ വൈകീട്ടോടെ സീല്‍ ചെയ്ത പൂട്ട് പൊളിച്ച് വീടിനകത്തു കയറി.

അതേ സമയം 2017ല്‍ തുടങ്ങിയ ജപ്തി നടപടികള്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കുക മാത്രമാണ് ചെയ്തതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.പതിമൂന്ന് തവണകളായി വായ്പ തിരിച്ചടയ്ക്കാന്‍ ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശം പോലും പ്രമോദ് പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി സ്വീകരിക്കേണ്ടി വന്നതെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top