Advertisement

സ്ഥിരം ഹെലികോപ്റ്റര്‍; തീരുമാനം വൈകുമെന്ന് ഡിജിപി

March 21, 2019
Google News 0 minutes Read

സംസ്ഥാനത്ത് സ്ഥിരമായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാനുള്ള നടപടികള്‍ വൈകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇതു സംബന്ധിച്ച് ഇന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗം ചര്‍ച്ച ചെയ്‌തെന്നും ഇനിയും ചര്‍ച്ചകള്‍ ആവശ്യമാണെന്നും ഡിജിപി വ്യക്തമാക്കി. അടുത്ത യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിജിപി പറഞ്ഞു.സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി സ്ഥിരം ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ നേരത്തെ തീരുമാനമായിരുന്നു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. അടിയന്തര ഘട്ടങ്ങളില്‍ സംസ്ഥാനത്ത് ഹെലികോപ്റ്റര്‍ അത്യാവശ്യമാണെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ഹെലികോപ്റ്റര്‍ സ്ഥിരമായി വാടകയ്ക്ക് എടുക്കുന്നതിന്റെ സാമ്പത്തിക വശം പരിശോധിക്കാനാണ് ഇന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. ഹെലികോപ്റ്റര്‍ നല്‍കാന്‍ രണ്ട് കമ്പനികള്‍ രംഗത്തെത്തിയിരുന്നു. ഇവരുടെ ടെണ്ടറുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ഇന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്തത്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഹെലികോപ്റ്റര്‍ യാത്രകളില്‍ പലതും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രകള്‍ വിവാദമായതിന് പിന്നാലെയാണ് സംസ്ഥാനത്തിന് സ്വന്തമായി ഹെലികോപ്റ്റര്‍ എന്ന ചര്‍ച്ചകള്‍ സജീവമായത്. വി എസ് സര്‍ക്കാരിന്റെ കാലത്ത് തള്ളികളഞ്ഞ ശുപാര്‍ശ വീണ്ടും സജീവമാക്കാനുള്ള നീക്കം തുടങ്ങിയത് പോലീസ് ആസ്ഥാനത്തു നിന്നാണ്. ചിപ്‌സാന്‍, പവന്‍ ഹാസന്‍സ്  എന്നീ രണ്ടു കമ്പനികളാണ് പോലീസിനെ സമീപിച്ചിരിക്കുന്നത്.

എന്നാല്‍ രണ്ട് കമ്പനികളില്‍ ഒന്നിന് കരാര്‍ നല്‍കണമെന്ന പൊലീസ് ആസ്ഥാനത്തു നിന്നുള്ള ശുപാര്‍ശ ആഭ്യന്തരവകുപ്പ് നേരത്തെ നിരാകരിച്ചിരുന്നു. ഇവര്‍ നല്‍കിയ വാടക നിരക്ക് കൂടുതലായതിനാല്‍ ടെണ്ടര്‍ വിളിക്കണമെന്നായിരുന്നു ആഭ്യന്തരവകുപ്പ് നിലപാട്. ഇതേ തുടര്‍ന്നാണ് കരാര്‍, സാമ്പത്തിക കാര്യങ്ങള്‍ എന്നിവയില്‍ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിതല യോഗം വിളിക്കാന്‍ തീരുമാനിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here