ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നീളുന്നതില്‍ ആര്‍എസ്എസിന് അതൃപ്തി; ശ്രീധരന്‍പിള്ളയെ നേരിട്ടറിയിച്ചു

ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം നീളുന്നതില്‍ ആര്‍എസ്എസിന് അതൃപ്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയെ ആര്‍എസ്എസ് ഇക്കാര്യം നേരിട്ട് അറിയിച്ചു. വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും പ്രചരണ രംഗത്ത് ബിജെപി പൂര്‍ണമായും ഇല്ലാത്ത അവസ്ഥയാണെന്നും ആര്‍എസ്എസ് അഭിപ്രായപ്പെട്ടു. ശബരിമല വിഷയം അനുകൂല ഘടകമായിട്ടും നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമോയെന്ന് സംശയമെന്നും ആര്‍എസ്എസ് വിമര്‍ശനം ഉന്നയിച്ചു.
അതേസമയം, സീറ്റ് ലഭിക്കാത്തതില്‍ ശ്രീധരന്‍പിള്ളയ്ക്കും അതൃപ്തിയുള്ളതായാണ് വിവരം. ഇക്കാര്യം ആര്‍എസ്എസ് നേതൃത്വത്തെ ശ്രീധരന്‍പിള്ള അറിയിച്ചു. പത്തനംതിട്ടയില്‍ മത്സരിക്കാനുള്ള സന്നദ്ധത ശ്രീധരന്‍പിള്ള അറിയിച്ചിരുന്നുവെങ്കിലും കെ സുരേന്ദ്രനാണ് അവിടെ ഇടംപിടിച്ചത്. ശ്രീധരന്‍പിള്ള മത്സരിക്കില്ലെന്ന റിപ്പോര്‍ട്ടുകളും പിന്നീട് വന്നു. സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആര്‍എസ്എസിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായതായി സൂചനകളുണ്ടായിരുന്നു. ഇക്കാര്യവും ശ്രീധരന്‍പിള്ള ആര്‍എസ്എസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായാണ് വിവരം.
Read more: ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലി വിവാദങ്ങള്‍ ഉയരുന്നതില്‍ ആര്‍എസ്എസിന് അതൃപ്തി
ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലി വിവാദങ്ങള്‍ ഉയരുന്നതില്‍ ആര്‍എസ്എസ് നേരത്തേ അതൃപ്തി അറിയിച്ചിരുന്നു. ജനകീയരായ നേതാക്കള്‍ക്ക് ജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കണമെന്ന് ബിജെപിയോട് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. സ്ഥാനാര്‍ത്ഥിയെചൊല്ലി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിവാദങ്ങള്‍ ഉയര്‍ന്നത് ബിജെപിക്ക് ക്ഷീണമുണ്ടാക്കി എന്ന വിലയിരുത്തലും ആര്‍എസ്എസ് നടത്തിയിരുന്നു.
കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ആയിട്ടില്ല. സീറ്റ് സംബന്ധിച്ച് ഇന്നലെ മാത്രമാണ് തീരുമാനമുണ്ടായത്. 14 സീറ്റുകളില്‍ ബിജെപിയും 5 സീറ്റുകളില്‍ ബിഡിജെഎസും മത്സരിക്കുമെന്നും ഇന്നലെ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here