‘ ഒരു വ്യക്തിയുടെ സ്വകാര്യ അഭിപ്രായത്തെ ഏറ്റുപിടിച്ച് ബിജെപി വിഷം പ്രചരിപ്പിക്കുന്നു’; പിത്രോഡയെ പിന്തുണച്ച് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡയുടെ പ്രസ്താവനയില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്ത്. ഒരു വ്യക്തിയുടെ സ്വകാര്യ അഭിപ്രായത്തെ ഏറ്റുപിടിച്ച് ബിജെപി വിഷം പ്രചരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നില്‍പാട് വ്യക്തമാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

പുല്‍വാമാ ഭീകരാക്രമണം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇന്റലിജന്‍സ് പരാജയമാണ് വ്യക്തമാക്കുന്നത്. ഇതിന് മറുപടിയായി വ്യോമസേന ബലാക്കോട്ടില്‍ നടത്തിയ ആക്രമണം ഇന്ത്യന്‍ സേനയുടെ ധീരതയുടെ തിളങ്ങുന്ന ഉദാഹരണമാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സൈന്യത്തിന്റെ ധീര ത്യാഗത്തിന് പിന്നില്‍ ഒളിച്ചിരിക്കാതെ തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, നോട്ട് നിരോധനം, സാമ്പത്തിക മുരടിപ്പ് തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Read more:മുബൈ ഭീകരാക്രമണത്തിന്റെ പേരില്‍ പാക്കിസ്ഥാനെ മുഴുവന്‍ കുറ്റംപറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് സാം പിത്രോഡ; പ്രസ്താവന വിവാദമാകുന്നു

മുംബൈ ഭീകരാക്രമണം നടത്തിയത് 8 ഭീകരര്‍ ആണെന്നും അതിന്റെ പേരില്‍ പേരില്‍ പാക്കിസ്ഥാന്‍ എന്ന രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നുമായിരുന്നു പിത്രോഡയുടെ പ്രസ്താവന. പുല്‍വാമയില്‍ ഉണ്ടായത് പോലുള്ള ഭീകരാക്രമണം എല്ലാ കാലത്തും നടക്കുന്നുണ്ട്. മുംബൈയില്‍ ഉണ്ടായതും അത്തരത്തില്‍ ഒന്നാണ്. അന്ന് പാക്കിസ്ഥാനെ ആക്രമിക്കാന്‍ വ്യോമ സേനയെ അയക്കാന്‍ കഴിയുമായിരുന്നു. പക്ഷേ അങ്ങനെ പ്രശ്‌നത്തെ കൈകാര്യം ചെയ്യണം എന്ന് താന്‍ കരുതുന്നില്ലെന്നും പിത്രോഡ പറഞ്ഞിരുന്നു.

Read more:‘താന്‍ സംസാരിച്ചത് കോണ്‍ഗ്രസിന്റെ പേരിലല്ല, പൗരന്‍ എന്ന നിലയില്‍’; വിവാദത്തില്‍ സാം പിത്രോഡ

സംഭവം വിവാദമായതോടെ പിത്രോഡയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഭീകരതക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസ്് തയ്യാറല്ല എന്ന് തെളിയിക്കുന്നതാണ് സാം പിത്രോഡയുടെ പ്രസ്താവനയെന്ന് നരേന്ദ്ര മോദി വിമര്‍ശിച്ചു. ഇന്ത്യന്‍ സേനയെ വീണ്ടും വീണ്ടും പ്രതിപക്ഷം അവഹേളിക്കുകയാണെന്നും ഇത്തരം പ്രസ്താവനകളെ ചോദ്യം ചെയ്യാന്‍ പൗരന്മാര്‍ രംഗത്ത് വരണമെന്നും മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പിത്രോഡയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വസതിയില്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്നാണ് പിത്രോഡയെ പിന്തുണച്ച് പാര്‍ട്ടി രംഗത്തെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top