ബീഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി; ആര്‍ജെഡി 20 സീറ്റില്‍ മത്സരിക്കും

ബീഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ആര്‍ജെഡി ഇരുപത് സീറ്റുകളിലും കോണ്‍ഗ്രസ് ഒമ്പത് സീറ്റുകളിലും മത്സരിക്കും. ബാക്കിയുള്ള പതിനൊന്ന് സീറ്റുകള്‍ ആര്‍എല്‍എസ്പി, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, മുകേഷ് സാഹ്നിയുടെ വി ഐ പി എന്നീ പാര്‍ട്ടികള്‍ക്ക് നല്‍കി. കോണ്‍ഗ്രസ് പതിനൊന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സീറ്റ് വിഭജന പ്രഖ്യാപനം വൈകിയത്.നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ന് കോണ്‍ഗ്രസിന് ഒമ്പത് സീറ്റുകള്‍ നല്‍കാന്‍ ധാരണയായതോടെയാണ് ബീഹാറിലെ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനായത്.

ആര്‍ ജെ ഡി ക്ക് ലഭിച്ച ഒരു സീറ്റ് ഇടത് പാര്‍ട്ടിക്ക് നല്‍കും. ലോക് താന്ത്രിക് ജനതാദള്‍ അധ്യക്ഷന്‍ ശരത് യാദവ് ആര്‍ജെഡി ടിക്കറ്റിലാണ് മത്സരിക്കുക. ഉപേന്ദ്ര കുശ് വാഹയുടെ ആര്‍എല്‍എസ്പി അഞ്ചും ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, മുകേഷ് സാഹ്നിയുടെ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവര്‍ മൂന്ന് വീതം സീറ്റുകളിലുമാണ് മത്സരിക്കും. ജിതന്‍ റാം മാഞ്ചി ഗയ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക.

ആദ്യം പന്ത്രണ്ടും പിന്നീട് പതിനൊന്നും സീറ്റുകള്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസുമായി വിവിധ ഘട്ടങ്ങളില്‍ ചര്‍ച്ച നടത്തിയാണ് സീറ്റു ധാരണയിലെത്താന്‍ ആര്‍ ജെ ഡിക്ക് കഴിഞ്ഞത്. ബീഹാറില്‍ സീറ്റ് വിഭജനം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് യുപിഎയിലെ പല കക്ഷികളും കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബീഹാറില്‍ എന്‍ഡിഎ മുന്നണിയില്‍ ബിജെപി, ജെഡിയു എന്നിവര്‍ 17 വീതം സീറ്റുകളിലും രാം വിലാസ് പാസ്വാന്റെ എല്‍ജെപി ആറ് സീറ്റുകളിലും മത്സരിക്കാന്‍ നേരത്തെ ധാരണയിലെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top