മാണ്ഡ്യയിൽ സുമലതയ്ക്ക് ബിജെപി പിന്തുണ

കര്‍ണാടകയിലെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുമലതയെ ബിജെപി പിന്തുണയ്ക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഇന്നു പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാണ്ഡ്യയില്‍ സുമലതയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയും സിനിമാ താരവുമായ സുമലത കോണ്‍ഗ്രസില്‍ നിന്നും സീറ്റ് കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്. മാണ്ഡ്യ സീറ്റ് വേണമെന്ന് സുമലത കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കോണ്‍ഗ്രസ് ഈ സീറ്റ് ജെഡിഎസിന് നല്‍കുകയായിരുന്നു.

മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനും കന്നഡ സിനിമാതാരവുമായ നിഖിൽ ഗൗഡയാണ് ഇവിടെ ജനതാദളിന്റെ സ്ഥാനാർത്ഥി. കർണാടകയിൽ മാണ്ഡ്യയും കോളാറും ഒഴികെയുള്ള മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിജെപി ആദ്യഘട്ടത്തിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. മാണ്ഡ്യയിൽ ബിജെപി സ്ഥാനാർത്ഥിയായി സുമലത മത്സരിച്ചേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നുവെങ്കിലും ജനതാദൾ കോട്ടയായ മാണ്ഡ്യയിൽ സുമലതയ്ക്ക് പിന്തുണ നൽകാനാണ് ബിജെപി തീരുമാനമെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top